ബംഗളൂരു: ഈ വര്‍ഷം വരള്‍ച്ചമൂലം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 30,000 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.42 ലക്ഷം ഹെക്ടര്‍ കൃഷിനാശമാണ് ഉണ്ടായത്. 236 താലൂക്കുകളില്‍ 216ഉം വരള്‍ച്ച ബാധിതമാണ്. മൈസൂരു ദസറയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് 4,860 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ (എൻ.ഡി.ആര്‍.എഫ്) മാനദണ്ഡ പ്രകാരം ഈ തുക ലഭിക്കാനുള്ള അര്‍ഹത സംസ്ഥാനത്തിനുണ്ട്. കേന്ദ്രസംഘം വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതുമാണ്.
നേരത്തേ 195 താലൂക്കുകളാണ് വരള്‍ച്ച ബാധിതമെന്ന് കര്‍ണാടക പ്രഖ്യാപിച്ചത്. എന്നാല്‍, വീണ്ടും യോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഉപസമിതി 21 താലൂക്കുകളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ 216 താലൂക്കുകള്‍ വരള്‍ച്ചബാധിതമാണ്. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരോടൊപ്പമാണ്. കര്‍ഷകര്‍ക്ക് കുടിവെള്ളം, വൈക്കോല്‍, കാലികള്‍ക്കുള്ള വെള്ളം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കും. ഇത്തവണ ഹരിത വരള്‍ച്ചയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കാര്‍ഷിക വിളകള്‍ വളര്‍ന്നു. മഴ കിട്ടാത്തതിനാല്‍ വരള്‍ച്ചയുണ്ടായതോടെ വിളകളില്‍നിന്നുള്ള വരുമാനം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.