Home കർണാടക നമ്മ മെട്രോ ഗ്രീൻ ലൈനിന് സമാന്തരമായി രണ്ട് ഫ്ലൈഓവറുകള്‍ ഉയരും, ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 291 കോടിയുടെ പദ്ധതി

നമ്മ മെട്രോ ഗ്രീൻ ലൈനിന് സമാന്തരമായി രണ്ട് ഫ്ലൈഓവറുകള്‍ ഉയരും, ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 291 കോടിയുടെ പദ്ധതി

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ കനകപുര റോഡിലെ നമ്മ മെട്രോ ഗ്രീൻ ലൈനിന് സമാന്തരമായി രണ്ട് ഫ്ലൈഓവറുകള്‍ നിർമിക്കാൻ കർണാടക സർക്കാർ.ദിവസവും 2.7 ലക്ഷത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന കോണനകുണ്ടെ ക്രോസിലെ തിരക്കേറിയ രണ്ട് ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായിട്ടാണ് ഫ്ലൈഓവറുകള്‍ നിർമിക്കാൻ ലക്ഷ്യമിടുന്നത്.നമ്മ മെട്രോ പാതയ്ക്ക് ഇരുവശത്തുമായിട്ടായിരിക്കും പുതിയ രണ്ട് ഫ്ലൈഓവറുകള്‍ നിർമിക്കുക. മെട്രോ പാത ഇവയ്ക്കിടയിലായിരിക്കും സ്ഥിതി ചെയ്യുക. 125 മീറ്റർ അകലെയുള്ള കനകപുര റോഡ് – വസന്തപുര റോഡ് ജങ്ഷൻ, കോണനകുണ്ടെ ക്രോസ് ജങ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ആകെ ചെലവ് 291 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതില്‍ 191.3 കോടി രൂപ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനായി നീക്കിവെക്കും. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) പ്രകാരം വരും വർഷങ്ങളില്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകാൻ സാധ്യതയുണ്ട്.കനകപുരയ്ക്കും ബനശങ്കരിക്കുമിടയിലുള്ള വാഹനങ്ങള്‍ക്കായി എലിവേറ്റഡ് റോഡ് സൗകര്യമൊരുക്കുന്നതിലൂടെ താഴത്തെ നിരത്തുകളിലെ ഗതാഗതപ്രവാഹം മെച്ചപ്പെടുത്താൻ സാധിക്കും. 2025 ഏപ്രില്‍ രണ്ടിന് നടത്തിയ 24 മണിക്കൂർ ട്രാഫിക് സർവേയില്‍ ഒരു ജങ്ഷനില്‍ ഏകദേശം 1.3 ലക്ഷം വാഹനങ്ങളും രണ്ടാമത്തെ ജങ്ഷനില്‍ 1.4 ലക്ഷം വാഹനങ്ങളും കടന്നുപോയതായി കണ്ടെത്തി. ഇരുചക്രവാഹനങ്ങളും കാറുകളുമാണ് ഇവയില്‍ ഭൂരിഭാഗവും. ഒരു ജങ്ഷനില്‍ മണിക്കൂറില്‍ 9,381 വാഹനങ്ങള്‍ക്കാണ് ശേഷിയെങ്കിലും 2026ല്‍ തിരക്കേറിയ സമയങ്ങളില്‍ ഇവിടെ 10,000ത്തിലധികം വാഹനങ്ങള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

രണ്ടാമത്തെ ജങ്ഷനില്‍ മണിക്കൂറില്‍ 7,700 വാഹനങ്ങള്‍ക്കാണ് ശേഷിയെങ്കില്‍ 2030ഓടെ ഇവിടെ 10,000ത്തോളം വാഹനങ്ങള്‍ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍.നമ്മ ഗ്രീൻ ലൈനിന്റെ പാതയ്ക്കോ മെട്രോ സ്റ്റേഷനുകള്‍ക്കോ തടസ്സമുണ്ടാക്കാത്ത രീതിയിലായിരിക്കും ഫ്ലൈഓവറുകളുടെ രൂപകല്‍പ്പന. ഓരോ ഫ്ലൈഓവറും 8.5 മീറ്റർ വീതിയുള്ള ഒരേ ദിശയിലേക്ക് മാത്രം വാഹനങ്ങള്‍ സഞ്ചരിക്കാവുന്ന രണ്ട് വരി പാതകളായിരിക്കും. ഇതില്‍ 7.5 മീറ്റർ വീതിയുള്ള വാഹന സഞ്ചാരപാതയും കർബുകളും സുരക്ഷാ തടസ്സങ്ങളും ഉള്‍പ്പെടുന്നു.നിർമാണ വേളയില്‍ റോഡ് ഗതാഗതത്തിനും മെട്രോ പ്രവർത്തനങ്ങള്‍ക്കും ഉണ്ടാകുന്ന തടസ്സങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി ഓവർഹെഡ് ലോഞ്ചിങ് ഗർഡറുകള്‍ അല്ലെങ്കില്‍ അണ്ടർസ്ലങ് ലോഞ്ചിങ് സിസ്റ്റം ഉപയോഗിച്ചുള്ള പ്രീകാസ്റ്റ് നിർമാണ രീതിയാണ് ഡിപിആർ ശുപാർശ ചെയ്യുന്നത്.

നിർദേശിക്കപ്പെട്ട ഘടനയില്‍ ഒറ്റ തൂണുകളുള്ള താങ്ങുകളും അള്‍ട്രാ-ഹൈ-പെർഫോമൻസ് ഫൈബർ – റീഇൻഫോഴ്സ്ഡ് കോണ്‍ക്രീറ്റ്, ഹൈ-പെർഫോമൻസ് കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ചുള്ള കോമ്പോസിറ്റ് സൂപ്പർസ്ട്രക്ചറും ഉള്‍പ്പെടുന്നു.കോണനകുണ്ടെ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് നിർദിഷ്ട ഫ്ലൈഓവറുകള്‍ ശാശ്വത പരിഹാരമാകുമെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികള്‍ പൂർത്തിയായി. സർക്കാർ അനുമതി ലഭിച്ചാലുടൻ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കും. പദ്ധതി യാത്രക്കാർക്ക് ആശ്വാസം നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group