Home കർണാടക ബൈക്ക് മോഷണത്തെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊന്ന് ഒ.ആര്‍.എസ് ലായനി നല്‍കി മുറിയിലാക്കി; നാലുപേര്‍ അറസ്റ്റില്‍

ബൈക്ക് മോഷണത്തെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊന്ന് ഒ.ആര്‍.എസ് ലായനി നല്‍കി മുറിയിലാക്കി; നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബൈക്ക് മോഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 22-കാരനായ യുവാവിനെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.ബംഗളൂരുവില്‍ നടന്ന സംഭവത്തില്‍ അംബര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പ്രതികള്‍ ഒ.ആര്‍.എസ് ലായനിയും ഭക്ഷണവും നല്‍കി മുറിയില്‍ കിടത്തുകയായിരുന്നു. തുടര്‍ന്ന് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.പോലീസ് അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ കടുത്ത തര്‍ക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന് പ്രകോപിതരായ പ്രതികള്‍ ചേര്‍ന്ന് അംബറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മുഖത്തും മുതുകിലും വയറ്റിലും ആവര്‍ത്തിച്ച് ശക്തമായി അടി കിട്ടിയതാണ് ഗുരുതരമായ ആന്തരിക രക്തസ്രാവത്തിന് കാരണമായത്. ക്രൂരമായ മര്‍ദ്ദനമേറ്റ യുവാവിന് ഉടനടി വിദഗ്ദ്ധ വൈദ്യസഹായം നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല.മര്‍ദ്ദനമേറ്റ അംബറിന് ഒ.ആര്‍.എസ് ലായനിയും കുറച്ച് ഭക്ഷണവും നല്‍കിയ ശേഷം പ്രതികള്‍ ഇയാളെ വീട്ടില്‍ തന്നെ കിടത്തുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്ന യുവാവ് ഉറങ്ങാന്‍ കിടന്നു. എന്നാല്‍ പിറ്റേന്ന് ഇയാളെ മുറിക്കുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പിന്നീട് വ്യക്തമായി.തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായതോടെ കേസിന്റെ ഗതിമാറി. തുടര്‍ന്ന് ഡി.ജെ ഹള്ളി പോലീസ് കേസ് കൊലപാതകമായി രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ സ്വന്തം സുഹൃത്തുക്കള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.കേസുമായി ബന്ധപ്പെട്ട് അംബറിനൊപ്പം ഒരുമിച്ച് താമസിച്ചിരുന്ന യൂനുസ്, ജുനൈദ് എന്നിവരുള്‍പ്പെടെ നാല് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കേസില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത് പ്രദേശവാസികളെയും ഞെട്ടിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group