Home കർണാടക കാവേരി ജല തര്‍ക്കം; സിഡബ്ല്യുആര്‍സി ഉത്തരവിനെതിരെ കടുപ്പിച്ച്‌ കര്‍ണാടക, ‘തമിഴ്നാടിന് വെള്ളം വിട്ടുനല്‍കിയാല്‍ ബെംഗളൂരുവില്‍ കുടിവെള്ളം മുട്ടും’

കാവേരി ജല തര്‍ക്കം; സിഡബ്ല്യുആര്‍സി ഉത്തരവിനെതിരെ കടുപ്പിച്ച്‌ കര്‍ണാടക, ‘തമിഴ്നാടിന് വെള്ളം വിട്ടുനല്‍കിയാല്‍ ബെംഗളൂരുവില്‍ കുടിവെള്ളം മുട്ടും’

by ടാർസ്യുസ്

ബെംഗളൂരു: തമിഴ്നാടിന് കാവേരിയിലെ വെളളം നല്‍കണമെന്ന നിർദേശത്തില്‍ നിലപാട് കടുപ്പിച്ച്‌ കർണാടക. കാവേരിയിലെ വെള്ളം നല്‍കാൻ കഴിയാത്ത സാഹചര്യമെന്നാണ് കർണാടകയുടെ നിലപാട്.തമിഴ്നാടിന് വെള്ളം നല്‍കണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി ഡബ്ല്യു ആർ സി) യുടെ ഉത്തരവിനെതിരെ കർണാടക രംഗത്തെത്തി. കാവേരി വാട്ടർ മാനേജ്മെന്‍റ് അതോറിറ്റി (സി ഡബ്ല്യ എം എ) യെ സമീപിക്കാനാണ് കർണാടകയുടെ തീരുമാനം. വെള്ളം വിട്ടുനല്‍കിയാല്‍ ബെംഗളൂരുവില്‍ കുടിവെള്ളം മുട്ടുമെന്നാണ് കർണാടകയുടെ ആശങ്ക. തമിഴ്നാടിനെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍ കർണാടക സന്ദർശിക്കുന്നതിന് എതിരെയും പ്രതിഷേധം ഉയർന്നു.

കർണാടക പ്രതിദിനം 3,500 ക്യുസെക്സ് വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വെള്ളം തുറന്നു വിടണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ ഉത്തരവ്. തുടർന്ന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാവേരി ജലതർക്കം വീണ്ടും സജീവമായിരിക്കുകയാണ്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും ചൂണ്ടിക്കാട്ടി ഈ ഉത്തരവിനെതിരെ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് കർണാടക. എന്നാല്‍ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം.പ്രശ്നത്തിന് സൗഹാർദപരമായ പരിഹാരം കാണുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മില്‍ ആഗസ്റ്റ് 3-ന് ബെംഗളൂരുവില്‍ ചർച്ച നടത്തും. അതേസമയം തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കാവേരി വിഷയത്തില്‍ സർവ്വകക്ഷി യോഗം വിളിക്കാൻ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ തീരുമാനിച്ചു.

കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കിടയില്‍ കാവേരി നദീജലം പങ്കുവെക്കലിനെ കുറിച്ച്‌ ദീർഘകാലമായുള്ള തർക്കമാണ് കാവേരി ജലവിവാദം. കർണാടകയിലെ കുടക് ജില്ലയില്‍ നിന്നുത്ഭവിക്കുന്ന കാവേരി നദി, കർണാടകയിലൂടെ ഒഴുകി തമിഴ്‌നാട്ടില്‍ പ്രവേശിച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. നദിയുടെ തുടക്കം കർണാടകയുടെ നിയന്ത്രണത്തില്‍ ആയതിനാല്‍, മഴക്കുറവുള്ള വർഷങ്ങളില്‍ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച്‌ ഇരു സംസ്ഥാനങ്ങളും തമ്മില്‍ തർക്കങ്ങള്‍ ഉണ്ടാകാറുണ്ട്. 1990-ല്‍ ആണ് കേന്ദ്ര സർക്കാർ കാവേരി വാട്ടർ ഡിപ്യൂട്ട്‌സ് ട്രിബ്യൂണല്‍ രൂപീകരിച്ചത്.മണ്‍സൂണ്‍ കാലത്ത് മഴ കുറയുമ്പോഴാണ് ഈ തർക്കം എല്ലാ വർഷവും വീണ്ടും ഉയർന്നു വരുന്നത്. ലഭ്യമായ വെള്ളം ഇരു സംസ്ഥാനങ്ങളുടെയും പൂർണ്ണ ആവശ്യങ്ങള്‍ നിറവേറ്റാൻ തികയാതെ വരുമ്പോള്‍ നിയമ പോരാട്ടങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും ഉണ്ടാകുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group