ബെംഗളൂരു: കൈയില്‍ ധാരാളം പണവും സ്വത്തുക്കളുമുണ്ടെങ്കിലും തങ്ങള്‍ സ്വന്തമായി ഒന്നും ഉണ്ടാക്കിയിട്ടില്ലയെന്ന് നാട്ടുകാര്‍ക്ക് മുന്നില്‍ കാണിക്കാന്‍ അഭിനയിക്കുന്ന ജനപ്രതിനിധികളെ ധാരാളം കണ്ടിട്ടുണ്ടാകും.ആഡംബരങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ, അവയൊക്കെ നാലുചുവരുകള്‍ക്കുള്ളില്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു പതിവ്. അത്തരത്തില്‍ ജനങ്ങളെ കാണിക്കാന്‍ വേണ്ടി മാത്രം ലളിതജീവിതം നയിക്കുന്ന നേതാക്കളുടെ കാലം അവസാനിക്കുകയാണെന്ന സൂചനകളാണ് തെന്നിന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ നല്‍കുന്നത്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഒരു മാസത്തില്‍ താഴെ മാത്രം മുമ്പ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ അട്ടിമറി വിജയം നേടിയ നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ രംഗപ്രവേശമാണ്. വിജയ്യുടെ ആസ്തിവിവരങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്. 624 കോടി രൂപയുടെ പ്രഖ്യാപിത ആസ്തിയും, 13 കോടിയിലധികം രൂപ വിലമതിക്കുന്ന ആഡംബര കാറുകളും, ബാങ്ക് അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുമുണ്ടെന്നാണ് വിജയ് വെളിപ്പെടുത്തിയത്.
ഇപ്പോള്‍ തൊട്ട് അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നേതൃമാറ്റം സംഭവിച്ചിരിക്കുകയാണ്. സിദ്ധരാമയ്യയുടെ രാജിക്ക് ശേഷം കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുന്നത് ‘കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍’ എന്ന് അറിയപ്പെടുന്ന ഡി.കെ ശിവകുമാറാണ്. എന്നാല്‍ ഡികെ താനൊരു ലളിത ജീവിതം നയിക്കുന്ന രാഷ്ട്രീയക്കാരനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ആഡംബര വാച്ചുകളും ഡിസൈനര്‍ സ്‌കാര്‍ഫുകളും അദ്ദേഹം ധരിക്കാറുണ്ട്. വിലകൂടിയ ബ്രാന്‍ഡുകളോടുള്ള തന്റെ താത്പര്യം മറ്റ് രാഷ്ട്രീയക്കാരെപ്പോലെ അദ്ദേഹം ഒളിച്ചുവെക്കാറുമില്ല. തന്റെ റോളക്‌സ്, കാര്‍ട്ടിയര്‍ വാച്ചുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍, ‘എനിക്ക് ഇഷ്ടമുള്ള വാച്ച് ധരിക്കാന്‍ എനിക്ക് അവകാശമില്ലേ?’ എന്നാണ് അദ്ദേഹം ഒരിക്കല്‍ ചോദിച്ചത്. ഗുച്ചി, ലൂയി വിറ്റണ്‍, ഫെരഗാമോ തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുടെ സ്‌കാര്‍ഫുകളും, കോടികള്‍ വിലമതിക്കുന്ന റോലക്സ് ഡെയ്‌റ്റോണ, കാര്‍ട്ടിയര്‍ വാച്ചുകളും ധരിച്ചാണ് ഡി.കെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. രാഷ്ട്രീയ എതിരാളികള്‍ ഈ ജീവിതശൈലിയുടെ പേരില്‍ അദ്ദേഹത്തെ പലതവണ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍, ശിവകുമാര്‍ ഇതിലൊന്നും ഒട്ടും കുലുങ്ങിയിട്ടില്ല. അതിനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനുണ്ട് താനും.
2023-ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, 1,413.80 കോടി രൂപയുടെ ആസ്തി തനിക്കുണ്ടെന്നാണ് ഡികെ ശിവകുമാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 1,140 കോടി രൂപയുടെ സ്ഥാവര ആസ്തികളും 273 കോടി രൂപയുടെ ജംഗമ ആസ്തികളും ഉള്‍പ്പെടുന്നു.265 കോടിയിലധികം കടബാധ്യത ഉണ്ടെങ്കിലും രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഡി.കെ. റിയല്‍ എസ്റ്റേറ്റ്, ക്വാറി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. റിയല്‍ എസ്റ്റേറ്റ്, ക്വാറി, വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ ബിസിനസ്സുകളില്‍ നിന്നാണ് അദ്ദേഹത്തിന് വരുമാനമുണ്ട്.കര്‍ണാടകയിലുടനീളം എഞ്ചിനീയറിങ്, ഫാര്‍മസി കോളജുകളും പബ്ലിക് സ്‌കൂളുകളും ഡി.കെയുടെ കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ നടത്തുന്നുണ്ട്. ഇതുകൂടാതെ, ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത ടൗണ്‍ഷിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിദാദിയിലെ 9,000 ഏക്കറിലെ ‘ഗ്രേറ്റര്‍ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്’ പദ്ധതിക്ക് പിന്നിലും ഡികെയാണ്.എന്നാല്‍, ശിവകുമാര്‍ ആഡംബരങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുമ്പോള്‍, വിജയ്യുടെ സമ്പത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണ്.624 കോടി രൂപയുടെ ആകെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ വിജയ്, അതില്‍ പകുതിയിലധികം തുകയും സൂക്ഷിച്ചിരിക്കുന്നത് ബാങ്ക് അക്കൗണ്ടുകളിലാണ് എന്നതാണ് ഏറ്റവും കൗതുകകരം. 313 കോടിയിലധികം രൂപയാണ് വിവിധ ബാങ്ക് നിക്ഷേപങ്ങളിലും സമ്പാദ്യ അക്കൗണ്ടുകളിലുമായി അദ്ദേഹം മാറ്റിവെച്ചിരിക്കുന്നത്.വിപണിയിലെ വന്‍ ലാഭം ലക്ഷ്യമിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളിലോ ഓഹരി വിപണിയിലോ ഭാഗ്യം പരീക്ഷിക്കാന്‍ വിജയ് തയ്യാറായിട്ടില്ല.
അദ്ദേഹത്തിന്റെ ആകെ ആസ്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരി വിപണിയിലെ നിക്ഷേപം വെറും 0.04 ശതമാനത്തിലും താഴെ മാത്രമാണ്. അതിനൊക്കെ പകരം ഒരു ഒരൊറ്റ സേവിങ്‌സ് അക്കൗണ്ടില്‍ മാത്രം 213 കോടി രൂപയാണ് താരം നിക്ഷേപിച്ചിരിക്കുന്നത്. പണം സുരക്ഷിതമായിരിക്കണം എന്ന ചിന്ത മാത്രമാണ് ഈ നിക്ഷേപ ശൈലിക്ക് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.ബാങ്ക് നിക്ഷേപങ്ങള്‍ കഴിഞ്ഞാല്‍ വിജയ്ക്ക് ഏറ്റവും താല്പര്യം ഭൂമിയിലാണ്. തമിഴ്നാട്ടിലുടനീളമായി ഏകദേശം 220 കോടി രൂപ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് ശേഖരം അദ്ദേഹത്തിനുണ്ട്. ചെന്നൈയിലെ പ്രമുഖ കേന്ദ്രങ്ങളായ നീലങ്കരൈ, സാലിഗ്രാമം, മൈലാപ്പൂര്‍, ഷോളിംഗനല്ലൂര്‍ എന്നിവിടങ്ങളിലെ പ്രോപ്പര്‍ട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റൊന്ന് അദ്ദേഹത്തിന്റെ കാര്‍ ശേഖരമാണ്. 13.5 കോടി രൂപ വിലമതിക്കുന്നതാണ് അദ്ദേഹത്തിന്റെ കാര്‍ ശേഖരം.ബിഎംഡബ്ല്യു i7, ലെക്‌സസ് 350, ടൊയോട്ട വെല്‍ഫെയര്‍, കൂടാതെ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ടാറ്റ കാരവാന്‍ എന്നിവയുള്‍പ്പെടുന്ന 13.5 കോടി രൂപയുടെ വാഹനശേഖരമാണുള്ളത്. പഴയകാല രാഷ്ട്രീയക്കാര്‍ എപ്പോഴും തങ്ങള്‍ സാധാരണക്കാരോ ലളിതജീവിതം നയിക്കുന്നവരോ ആണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പുതിയ കാലത്തെ ശക്തരായ രാഷ്ട്രീയക്കാര്‍ക്ക് അത്തരം അഭിനയങ്ങളുടെ ആവശ്യമില്ലെന്ന് ഈ രണ്ട് നേതാക്കളുടെയും ജീവിതം ചൂണ്ടിക്കാട്ടുന്നു.