Home കർണാടക ബെംഗളൂരു പുലികേശി നഗര്‍ സ്ഫോടനം: തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ്; അസം സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു പുലികേശി നഗര്‍ സ്ഫോടനം: തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ്; അസം സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ പുലികേശി നഗറില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനോടുള്ള വ്യക്തിവൈരാഗ്യമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്ഫോടനത്തിന് ഉപയോഗിച്ച ഐ.ഇ.ഡി. പ്രതികള്‍ സ്വന്തമായി നിർമിച്ചതാണെന്നും പൊലീസ് അറിയിച്ചു.അസമിലെ ധീനത്പൂർ സ്വദേശിയായ സാഹിദ് ഉള്‍ ഹുസൈൻ ബാർബിയയാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബന്ധുക്കളായ സാജുദുല്‍ ഇസ്ലാം ലസ്കർ, ബുർഹാൻ അഹമ്മദ് ബാർബിയ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ.

അസമില്‍നിന്ന് രണ്ടുപേരെയും കർണാടകയിലെ റായ്ച്ചൂർ ജില്ലയില്‍നിന്ന് ഒരാളെയുമാണ് പിടികൂടിയത്. സ്ഫോടനം നടന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായ അലാവുദ്ദീനുമായുള്ള വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തന്റെ വിവാഹം മുടങ്ങാൻ കാരണം അലാവുദ്ദീനാണെന്ന് കരുതിയ സാഹിദ് പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടതായും അന്വേഷണസംഘം ആരോപിക്കുന്നു.റായ്ച്ചൂരില്‍വെച്ചാണ് പ്രതികള്‍ സ്ഫോടകവസ്തു നിർമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിന്നീട് ബസില്‍ ബെംഗളൂരുവിലെത്തിച്ച്‌ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് മുന്നില്‍ പെട്ടി ഉപേക്ഷിച്ചു. പാഴ്സല്‍ ഉണ്ടെന്ന് ഫോണിലൂടെ അലാവുദ്ദീനെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം പെയിന്ററുടെ സഹായത്തോടെ പെട്ടി തുറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പെയിന്റർക്ക് ഗുരുതരമായി പരിക്കേറ്റപ്പോള്‍ അലാവുദ്ദീന് നിസാര പരിക്കുകളാണ് ഉണ്ടായത്.

ദസറ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടെയുണ്ടായ സ്ഫോടനത്തെത്തുടർന്ന് തീവ്രവാദ ബന്ധമുണ്ടോയെന്നതടക്കമുള്ള സംശയങ്ങള്‍ ഉയർന്നിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) അന്വേഷണത്തില്‍ രംഗത്തെത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും അസമില്‍ ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചുമാണ് പ്രതികളെ പിടികൂടിയതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. സ്ഫോടകവസ്തു നിർമിക്കാൻ പ്രതികള്‍ ചാറ്റ്ജിപിടിയുടെ സഹായം തേടിയെന്നും പൊലീസ് അവകാശപ്പെട്ടു. സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്ന നിഗമനവും സ്ഫോടനത്തിന് പിന്നിലെ വ്യക്തിവൈരാഗ്യവും അന്വേഷണസംഘം പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group