കൊച്ചി: തമ്മനത്ത് വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് പിടികൂടി.തമ്മനം കോദാറത്ത് വീട്ടില്‍ മുഹമ്മദ് ഫയാസ് (26) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 36.173 ഗ്രാം എംഡിഎംഎ, 1.116 ഗ്രാം ഹാഷിഷ് ഓയില്‍, 1.658 ഗ്രാം കഞ്ചാവ് എന്നിവയും 2000 രൂപയും എക്സൈസ് സംഘം കണ്ടെടുത്തു.എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. ബംഗളൂരുവില്‍ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചിരുന്നത്.കൊച്ചി നഗരത്തിലെ വിവിധ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് മുഹമ്മദ് ഫയാസ് ലഹരി വ്യാപാരം നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് സാധാരണയായി 50 ഗ്രാം എംഡിഎംഎയാണ് ഇയാള്‍ എത്തിക്കാറുള്ളത്.
കഴിഞ്ഞ ദിവസം കൊണ്ടുവന്ന 40 ഗ്രാമില്‍ കുറച്ച് ഇതിനകം വിറ്റഴിച്ചിരുന്നു. ബാക്കിയുള്ളവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.മുഹമ്മദ് ഫയാസ് മുമ്പും രണ്ട് ലഹരിക്കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ പ്രധാന കൂട്ടാളിയായ കാപ്പ (KAAPA) കേസ് പ്രതിക്കായി എക്സൈസ് അന്വേഷണം ഊർജിതമാക്കി. സിവില്‍ എക്സൈസ് ഓഫീസർമാരായ സി.ജി. അമല്‍ദേവ്, ജിബിനാസ്, വി.എച്ച്. പ്രവീണ്‍കുമാർ, അഷ്കർ സാബു, പ്രിൻസി, ഡ്രൈവർ വിഷ്ണു കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.ലഹരിമരുന്ന് ശൃംഖലയുടെ വേരുകള്‍ കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. നഗരത്തിലെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം മാഫിയകള്‍ക്കെതിരെ കർശന നടപടി തുടരുമെന്ന് എക്സൈസ് അറിയിച്ചു.