ബെംഗളൂരു: കർണാടകയില്‍ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയുടെ പ്രത്യേക പുനഃപരിശോധനയ്ക്ക് (SIR) തുടക്കമാകുന്നു. വോട്ടർ പട്ടികയില്‍ പേരുള്ളത് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പൗരന്മാരോട് അഭ്യർത്ഥിച്ചു. വോട്ടവകാശം നഷ്ടപ്പെട്ടാല്‍ സർക്കാർ ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന മാതൃകയില്‍, വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തി സർക്കാർ ആനുകൂല്യങ്ങള്‍ ക്രമീകരിക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്.ജൂണ്‍ 30 മുതല്‍ ജൂലൈ 29 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ വീടുകള്‍ തോറും കയറിയുള്ള വിവരശേഖരണം നടക്കും. 5.5 കോടിയിലധികം വോട്ടർമാരെയാണ് ഇതിനായി പരിഗണിക്കുന്നത്. 59,050 ബൂത്ത് ലെവല്‍ ഓഫീസർമാരെ (BLO) ഈ പ്രവർത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥർ സന്ദർശിക്കുന്ന വീടുകളില്‍ വയലറ്റ് നിറത്തിലുള്ള ചതുര സ്റ്റിക്കറുകളും, പൂട്ടിയിട്ടിരിക്കുന്ന വീടുകളില്‍ ചുവന്ന വട്ടത്തിലുള്ള സ്റ്റിക്കറുകളും പതിക്കും. ഒരു വീട്ടില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഉദ്യോഗസ്ഥർ സന്ദർശനം നടത്തും.
വിവരശേഖരണ വേളയില്‍ യാതൊരുവിധ രേഖകളും കൈമാറേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നല്കുന്ന ഫോം പൂരിപ്പിച്ച് ഒപ്പിട്ട് ഉദ്യോഗസ്ഥർക്ക് കൈമാറിയാല്‍ മതിയാകും.ഈ പ്രക്രിയ സുഗമമാക്കുന്നതിനായി സർക്കാർ ‘പെർമനന്റ് റെസിഡൻഷ്യല്‍ സർട്ടിഫിക്കറ്റ്’ (സ്ഥിര താമസ സർട്ടിഫിക്കറ്റ്) നല്കാൻ തീരുമാനിച്ചു. സേവാ സിന്ധു (Seva Sindhu) പോർട്ടല്‍ വഴിയോ അതല് ജന സ്നേഹി കേന്ദ്രങ്ങള്‍, നാട കച്ചേരികള്‍, ബെംഗളൂരു വണ്‍, കർണാടക വണ്‍, ഗ്രാം വണ്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ വഴിയോ ഓണ്‍ലൈനായോ നേരിട്ടോ ഈ സർട്ടിഫിക്കറ്റ് ലഭിക്കും. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം: ഓഗസ്റ്റ് 5, പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും അവസരം: സെപ്റ്റംബർ 4 വരെ, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം: ഒക്ടോബർ 7 എന്നിങ്ങനെയാണ്. യാതൊരു ആശങ്കകളും കൂടാതെ ഈ പ്രക്രിയയില്‍ പങ്കുചേരണമെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങള്‍ അനുസരിച്ച് നിയമപരമായാണ് നടപടികള്‍ നടക്കുന്നതെന്നും കർണാടക ചീഫ് ഇലക്ടറല്‍ ഓഫീസർ അറിയിച്ചു.