ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് പോവുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് അടുത്ത മൂന്ന് മുതല്‍ നാല് മാസത്തിനുള്ളില്‍ ആരംഭിച്ചേക്കും.ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ ഉറപ്പ് നല്‍കിയതായി കർണാടക വ്യവസായ മന്ത്രി എംബി പാട്ടീല്‍ അറിയിച്ചതോടെയാണ് യാത്രക്കാർ ആശ്വാസം നല്‍കുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം ചന്നപട്ടണയില്‍ പുതിയ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്‌ത ചടങ്ങിനിടെയാണ് ഇരു മന്ത്രിമാരും കൂടിക്കാഴ്‌ച നടത്തിയത്. വിജയപുരയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ സർവീസിനായുള്ള തന്റെ നിർദേശത്തോട് അനുകൂലമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും മൂന്ന് മുതല്‍ നാല് മാസത്തിനുള്ളില്‍ സർവീസ് യാഥാർഥ്യമാകുമെന്നും എംബി പാട്ടീല്‍ പറഞ്ഞു.
ബെംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റർ പരിധിയിലുള്ള എല്ലാ പ്രധാന നഗരങ്ങളെയും നാലുവരി റെയില്‍പാതയിലൂടെ ബന്ധിപ്പിക്കാനുള്ള പദ്ധതിക്കും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണ ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിലൂടെ നഗരങ്ങള്‍ക്കിടയിലെ യാത്ര കൂടുതല്‍ വേഗത്തിലും സുഗമമായും മാറുമെന്നാണ് പ്രതീക്ഷ.ബെംഗളൂരു-തുംകൂരു, ബെംഗളൂരു-മൈസൂരു, ബെംഗളൂരു-ഹിന്ദുപൂർ, ബെംഗളൂരു-കോലാർ റൂട്ടുകളില്‍ നാലുവരി റെയില്‍പാത നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ സക്ലേശ്പൂർ-ഗുണ്ട്യ വഴി ബെംഗളൂരു-മംഗളൂരു സമാന്തര റോഡ്-റെയില്‍ പദ്ധതി നടപ്പാക്കാനും തുംകൂരു-ചിത്രദുർഗ-ദാവണഗെരെ റൂട്ടില്‍ ഇരട്ടപ്പാത നിർമ്മിക്കാനും പദ്ധതിയുണ്ട്.വർഷങ്ങളായി നീണ്ടുപോകുന്ന വൈറ്റ്ഫീല്‍ഡ്-കോലാർ നാലുവരി റെയില്‍പാത പദ്ധതിയും വീണ്ടും സജീവമാകുമെന്ന സൂചനയും എംബി പാട്ടീല്‍ നല്‍കി. പദ്ധതിക്കായി ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു-മൈസൂരു റെയില്‍പാത നാലുവരിയാക്കുന്നതിനുള്ള സർവേയും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോയമ്പത്തൂർ-ലോകമാന്യ തിലക് ടെർമിനസ് (മുംബൈ) എക്‌സ്പ്രസ് ട്രെയിനിന് ഇനി മുതല്‍ യെലഹങ്ക സ്‌റ്റേഷനിലും സ്‌റ്റോപ്പ് അനുവദിച്ചു. ഉദയാൻ എക്‌സ്പ്രസിന് ശേഷം മുംബൈയിലേക്ക് പോകുന്ന രണ്ടാമത്തെ ട്രെയിനാണ് യെലഹങ്കയില്‍ ഇനി നിർത്തുക. 1998-ല്‍ ആരംഭിച്ച 11013/11014 ലോകമാന്യ തിലക് ടെർമിനസ്-കോയമ്പത്തൂർ എക്‌സ്പ്രസിന് ഇതുവരെ കെഎസ്‌ആർ ബെംഗളൂരു, ബെംഗളൂരു കാന്റോണ്‍മെന്റ് സ്‌റ്റേഷനുകളിലായിരുന്നു സ്‌റ്റോപ്പ് ഉണ്ടായിരുന്നത്.യെലഹങ്ക സ്‌റ്റേഷനില്‍ പുതിയ സ്‌റ്റോപ്പ് ഉദ്ഘാടനം ചെയ്‌ത ശേഷം സംസാരിച്ച കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ, ഈ തീരുമാനം യെലഹങ്കയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് പറഞ്ഞു. ഇന്ന് മുതല്‍ മുംബൈയിലേക്കുള്ള 11014 നമ്പർ ട്രെയിൻ വൈകിട്ട് 4.41ന് യെലഹങ്കയില്‍ എത്തി 4.43ന് പുറപ്പെടും. തിരിച്ചുള്ള 11013 നമ്പർ കോയമ്പത്തൂർ സർവീസ് വൈകിട്ട് 7.28ന് യെലഹങ്കയിലെത്തി 7.30ന് യാത്ര തുടരും.