Home കർണാടക ബെംഗളൂരു സബര്‍ബൻ റെയില്‍ 2028ല്‍;ആദ്യ സര്‍വീസ് ബൈപ്പനഹള്ളി-ചിക്കബാനവാര പാതയില്‍,യശ്വന്ത്പുര്‍ പ്രധാന ജങ്ഷനാകും

ബെംഗളൂരു സബര്‍ബൻ റെയില്‍ 2028ല്‍;ആദ്യ സര്‍വീസ് ബൈപ്പനഹള്ളി-ചിക്കബാനവാര പാതയില്‍,യശ്വന്ത്പുര്‍ പ്രധാന ജങ്ഷനാകും

by ടാർസ്യുസ്

ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി 2028 ഡിസംബറോടെ യാഥാർത്ഥ്യമാകുമെന്ന് കർണാടക ലിമിറ്റഡ് റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കെ-റൈഡ്) മാനേജിങ് ഡയറക്ടർ ലക്ഷ്മണ്‍ സിങ് .’മണി കണ്‍ട്രോളിന്’ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ ബൈപ്പനഹള്ളി-ചിക്കബാനവാര വഴിയുള്ള 27 കിലോമീറ്റർ (കോറിഡോർ-2) പാത പൂർണ്ണമായോ അല്ലെങ്കില്‍ ഇതിലെ ചിക്കബാനവാര-യശ്വന്ത്പുർ മുൻഗണനാ പാതയോ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സബർബൻ റെയില്‍വേ കൂടാതെ മെട്രോ, റെയില്‍വേ, ബിഎംടിസി ബസ് സർവീസുകള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന നഗരത്തിലെ പ്രധാന മള്‍ട്ടിമോഡല്‍ ഹബ്ബായി യശ്വന്ത്പുർ മാറുമെന്നും അദ്ദേഹം പറഞ്ഞു.റോഡുകളിലൂടെയുള്ള മെട്രോ നിർമാണത്തേക്കാള്‍ സബർബൻ റെയില്‍വേ പ്രവൃത്തികള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ലക്ഷ്മണ്‍ സിങ് പറഞ്ഞു.

ട്രെയിൻ സർവീസുകള്‍ സജീവമായ റെയില്‍പ്പാതകള്‍ക്ക് തൊട്ടരികിലൂടെ നിർമാണം നടത്തേണ്ടി വരുന്നതിനാലുള്ള കടുത്ത സുരക്ഷാ മുൻകരുതലുകളാണ് ഇതിന് കാരണം. മെട്രോ നിർമാണം പോലെ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം ജോലി ചെയ്യാൻ ഇവിടെ സാധിക്കില്ല. നിലവില്‍ 148 കിലോമീറ്റർ ശൃംഖലയിലെ കോറിഡോർ-2, കോറിഡോർ-4 എന്നിവയിലായി 70 കിലോമീറ്ററോളം ഭാഗത്ത് നിർമാണപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.പദ്ധതിയിലെ പ്രധാന പാതകളുടെ നിലവിലെ സ്ഥിതിയും അദ്ദേഹം വ്യക്തമാക്കി. കോറിഡോർ-2, കോറിഡോർ-4 (ഹീലലിഗെ-രാജാനുകുണ്ഡെ) എന്നിവയ്ക്കാവശ്യമായ പ്രധാന ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയായി. ഫ്ലൈഓവറുകള്‍ക്കും റെയില്‍ ഓവർബ്രിഡ്ജുകള്‍ക്കുമുള്ള ഭൂമി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. 46 കിലോമീറ്റർ നീളമുള്ള കോറിഡോർ-4 ലെ നാല് സിവില്‍ പാക്കേജുകളില്‍ രണ്ടെണ്ണം ടെൻഡർ ചെയ്തു കഴിഞ്ഞു. ബാക്കി രണ്ടെണ്ണം അടുത്ത മാസം പകുതിയോടെ ടെൻഡർ ചെയ്യും. കോറിഡോർ-2 ലെ മൂന്ന് സിവില്‍ പാക്കേജുകളില്‍ രണ്ടെണ്ണം അനുവദിച്ചു. മൂന്നാമത്തേതിന്റെ ടെൻഡർ നടപടികള്‍ ജൂലൈ ആദ്യ ആഴ്ച തന്നെ പൂർത്തിയാകും. ഈ രണ്ട് കോറിഡോറുകളിലെയും എല്ലാ സ്റ്റേഷനുകളുടെയും നിർമാണം ആരംഭിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലേക്കുള്ള കോറിഡോർ-1 (കെഎസ്‌ആർ ബെംഗളൂരു-ദേവനഹള്ളി), കോറിഡോർ-3 (കെങ്കേരി-വൈറ്റ്ഫീല്‍ഡ്) എന്നിവയ്ക്ക് ഇന്ത്യൻ റെയില്‍വേ അലൈൻമെന്റ് അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഭൂമി നിർണ്ണയിക്കാനുള്ള സർവേ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ഇതിനാവശ്യമായ ഭൂമി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെങ്കേരി-വൈറ്റ്ഫീല്‍ഡ് പാത ഉപേക്ഷിച്ചിട്ടില്ലെന്നും ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നതെന്നും ലക്ഷ്മണ്‍ സിങ് വ്യക്തമാക്കി. ഈ പാതയിലെ ബെംഗളൂരു കന്റോണ്‍മെന്റ്-വൈറ്റ്ഫീല്‍ഡ് സെക്ഷനിലെ റെയില്‍വേയുടെ നാലുവരിപ്പാത നിർമാണം പൂർത്തിയാകുന്നതോടെ തദ്ദേശീയ ട്രെയിൻ ആവശ്യങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.1983-ല്‍ നിർദ്ദേശിക്കപ്പെട്ട പദ്ധതിക്ക് 2020-ലാണ് കേന്ദ്രാനുമതി ലഭിച്ചത്. തുടർന്ന് 2022 ജൂണില്‍ പ്രധാനമന്ത്രി നറേന്ദ്ര മോദി തറക്കല്ലിട്ടു. 2026-ല്‍ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി പിന്നീട് വൈകുകയായിരുന്നു. 2025 ഡിസംബറില്‍ ലക്ഷ്മണ്‍ സിങ് കെ-റൈഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷമാണ് നിർമാണപ്രവർത്തനങ്ങള്‍ക്ക് വേഗത കൈവന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group