ബെംഗളൂരുവില്‍ പുതിയ ജലനിയമങ്ങള്‍ നിലനിയമങ്ങള്‍ നിലവില്‍വന്നു. ബെംഗളൂരുവിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന്റെയും ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) മൂന്ന് പ്രധാന നിർദേശങ്ങള്‍ പുറത്തിറക്കിയത്.കുടിവെള്ളം പാഴാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കുടിവെള്ള സംരക്ഷണം ഉറപ്പാക്കാനാണ് നടപടികളെന്നും അവർ വ്യക്തമാക്കി.പുതിയ നിർദേശപ്രകാരം എല്ലാ വീടുകളിലും അപ്പാർട്ട്മെന്റുകളിലും സർക്കാർ ഓഫീസുകളിലും ഹോട്ടലുകളിലും ജലപ്രവാഹം നിയന്ത്രിക്കുന്ന ഫ്ലോ റെസ്ട്രിക്ടർ (ഏറേറ്റർ) നിർബന്ധമായും സ്ഥാപിക്കണം.
ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ വെള്ളത്തിന്റെ ഉപയോഗം 30 മുതല്‍ 50 ശതമാനം വരെ കുറയ്ക്കാനാകുമെന്നും ഉപയോഗത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ബോർഡ് അറിയിച്ചു.വാഹനങ്ങള്‍ കഴുകല്‍, പൂന്തോട്ടങ്ങള്‍ നനയ്ക്കല്‍, റോഡുകളും നടപ്പാതകളും വൃത്തിയാക്കല്‍, നിർമാണ പ്രവർത്തനങ്ങള്‍ തുടങ്ങീ ആവശ്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഇത്തരം ആവശ്യങ്ങള്‍ക്ക് ശുദ്ധീകരിച്ച വെള്ളമോ മറ്റ് അനുയോജ്യമായ ജലസ്രോതസ്സുകളോ ഉപയോഗിക്കണമെന്നാണ് നിർദേശം.നീന്തല്‍ക്കുളങ്ങളില്‍ കുടിവെള്ളം നിറയ്ക്കുന്നതും ബോർഡ് നിരോധിച്ചു. ഇതിനായി ശുദ്ധീകരിച്ച വെള്ളമോ മറ്റ് ബദല്‍ ജലസ്രോതസ്സുകളോ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.