രാവിലെ പ്രഭാത സവാരിക്കോ യാത്രയ്ക്കോ ഇറങ്ങുന്നവർ മുതല്‍ ജോലി സ്ഥലങ്ങളില്‍ ഇരിക്കുന്നവർ വരെ എല്ലാവരുടെയും ശ്രദ്ധ മൊബൈല്‍ ഫോണുകളിലെ റീല്‍സിലാണെന്ന് വ്യക്തമാക്കി ബെംഗളൂരുവില്‍ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.മള്‍ട്ടിബാഗ് എഐ സി.ഇ.ഒ ആയ ആദിത്യ ആനന്ദ് എന്നയാളാണ് താൻ രാവിലെ ബാഡ്മിന്റണ്‍ കോർട്ടിലേക്ക് പോകുന്നതിനിടയില്‍ കണ്ട വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ആധുനിക സമൂഹത്തിന്റെ റീല്‍സ് അടിമത്തത്തെ തുറന്നുകാട്ടിയത്.രാവിലെ 6:40-ന് യാത്ര ആരംഭിച്ച ആദിത്യയ്ക്ക് ആദ്യം തടഞ്ഞത് ഓട്ടോ ഡ്രൈവറുടെ റീല്‍സ് ഭ്രാന്താണ്.
താൻ വരാൻ വൈകിയപ്പോള്‍ ഓട്ടോ ഡ്രൈവർക്ക് ദേഷ്യം വരുന്നതിന് പകരം അദ്ദേഹം ഫോണില്‍ റീല്‍സ് കാണാൻ തിരക്കിലായിരുന്നു. തുടർന്ന് ട്രാഫിക് സിഗ്നലില്‍ കാത്തുനില്‍ക്കുമ്പോള്‍ കാറോടിച്ചിരുന്ന ഒരു യുവതി എൻജിൻ ഓഫ് ചെയ്ത് ഫോണില്‍ റീല്‍സ് സ്ക്രോള്‍ ചെയ്യാൻ തുടങ്ങിയതും അദ്ദേഹം കണ്ടു. ബാഡ്മിന്റണ്‍ കോർട്ടിലെത്തിയപ്പോള്‍ പ്രായമായ റിസപ്ഷനിസ്റ്റും കളി തീരാൻ കാത്തുനിന്ന കളിക്കാരനും അടക്കം എല്ലാവരും ഫോണില്‍ റീല്‍സ് കാണുന്ന തിരക്കിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.”റീല്‍സ് വളരെ നിശബ്ദമായി ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്ന ആദിത്യയുടെ നിരീക്ഷണം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. രാവിലെ മുതല്‍ രാത്രി വരെ ആളുകള്‍ എന്തുചെയ്യുമ്പോഴും ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് സമൂഹം എത്തിപ്പെട്ടിരിക്കുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
പ്രായഭേദമന്യേ എല്ലാവരെയും ബാധിച്ചിരിക്കുന്ന ഈ സോഷ്യല്‍ മീഡിയ ആസക്തി ഗുരുതരമായ ഒരു സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ട ഈ കുറിപ്പിന് താഴെ നിരവധി പേരാണ് സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്. ഡിജിറ്റല്‍ ലോകത്തിന്റെ അമിതമായ സ്വാധീനം മനുഷ്യരുടെ ഏകാഗ്രതയും പരസ്പരമുള്ള ആശയവിനിമയങ്ങളും തകർക്കുന്നുണ്ടെന്നും, ഇതിനെതിരെ ബോധപൂർവ്വമായ ഇടപെടലുകള്‍ ആവശ്യമാണെന്നും നെറ്റിസണ്‍മാർ ചൂണ്ടിക്കാണിക്കുന്നു. ഫോണ്‍ ഉപയോഗത്തിന് കൃത്യമായ ഇടവേളകള്‍ നല്‍കാനും സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കാനും തയ്യാറായില്ലെങ്കില്‍ വരുംതലമുറയെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നു.