ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ മറ്റൊരു വമ്പൻ പദ്ധതി കൂടി ഉയരുന്നു. ബെംഗളൂരുവില്‍ 250 മീറ്റർ ഉയരമുള്ള ‘സ്കൈഡെക്ക്’ സ്ഥാപിക്കും.പടിഞ്ഞാറൻ ബെംഗളൂരുവിലെ നടപ്രഭു കെംപെഗൗഡ ലേഔട്ടിലാണ് പദ്ധതി നിർമിക്കുക. 600 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്. കർണാടക മുഖ്യമന്ത്രി ഡികെ. ശിവകുമാറിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് സ്കൈഡെക്ക്.സ്കൈഡെക്ക് പദ്ധതിക്കായി ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ) സ്ഥലം കണ്ടെത്തി. നടപ്രഭു കെംപെഗൗഡ ലേഔട്ടില്‍ 46.25 ഏക്കർ സ്ഥലത്ത് സ്കൈഡെക്ക് നിർമിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. ഭീമനകുപ്പ ഗ്രാമത്തിലെ സർവേ നമ്പർ 104, 75 എന്നിവിടങ്ങളിലും ചല്ലഘട്ട ഗ്രാമത്തിലെ സർവേ നമ്പർ 13, 58/3, 49 എന്നിവിടങ്ങളിലുമായാണ് പദ്ധതി നിർമിക്കുക. പദ്ധതിയുടെ ഉപദേഷ്ടാവായി ആഗോള കണ്‍സള്‍ട്ടൻസി സ്ഥാപനമായ കെപിഎംജിയെ (KPMG) ബിഡിഎ നിയമിച്ചു.
സേവന പ്രതിഫലമായി അവർക്ക് നാല് കോടി രൂപ നല്‍കും.600 കോടി രൂപ ചെലവ് വരുന്ന ഈ സ്കൈഡെക്ക് പദ്ധതിയില്‍ റെസ്റ്റോറന്റുകള്‍, പരിപാടികള്‍ നടത്താനുള്ള സ്ഥലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രധാന വിനോദസഞ്ചാര – വിനോദ കേന്ദ്രമായി വികസിപ്പിക്കാനാണ് കർണാടക സർക്കാർ ലക്ഷ്യമിടുന്നത്. ഹെമ്മിഗെപുര, ബെംഗളൂരു സർവകലാശാല, ബയ്യപ്പനഹള്ളി എന്നിവിടങ്ങളില്‍ സ്കൈഡെക്ക് പദ്ധതിക്കായി സ്ഥലം പരിഗണിച്ചിരുന്നു. എന്നാല്‍, വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഈ പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ ഉയരത്തിന് പരിധിയുണ്ടായിരുന്നതിനാല്‍ ഈ സ്ഥലങ്ങള്‍ ഒഴിവാക്കുകയായിരുന്നു.ഡിസംബർ അവസാനത്തോടെ സ്കൈഡെക്ക് പദ്ധതിയുടെ രൂപരേഖ തയാറാകുമെന്നും തുടർന്ന് ഡെവലപ്പർമാരില്‍ നിന്ന് താല്‍പ്പര്യപത്രങ്ങള്‍ ക്ഷണിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട അടുത്ത നടപടികള്‍ പിന്നീട് തീരുമാനിക്കും. എന്നാല്‍ പദ്ധതി നിർമാണത്തിന് ആവശ്യമായ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പ്രാഥമിക പരിശോധനകളെല്ലാം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
തർക്കഭൂമിയില്‍ സ്കൈഡെക്ക്?സ്കൈഡെക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിലവില്‍ നിയമതർക്കത്തിലുള്ളതാണ്. 2010ല്‍ ബെംഗളൂരു അർബൻ ജില്ലയിലെ സ്പെഷ്യല്‍ ഡെപ്യൂട്ടി കമ്മീഷണർ കെംഗേരി ഹോബ്ലിയിലെ ചല്ലഘട്ട ഗ്രാമത്തിലുള്ള സർവേ നമ്പർ 13ല്‍ പെട്ട അഞ്ച് ഏക്കർ ഭൂമി ‘ശ്രീ മാരുതി ഹാൻഡികാപ്പ്ഡ് വെല്‍ഫെയർ അസോസിയേഷൻ’ എന്ന സംഘടനയ്ക്ക് അനുവദിച്ചു നല്‍കി. 2005ല്‍ രജിസ്റ്റർ ചെയ്യപ്പെട്ട ഈ സംഘടനയില്‍ 750 അംഗങ്ങളുണ്ട്.തുടർന്ന് ഈ സംഘടന ‘നാടപ്രഭു കെമ്പഗൗഡ ലേഔട്ട്’ രൂപീകരിക്കുകയും താലൂക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ അതിന് അംഗീകാരം നല്‍കുകയും ചെയ്തു.
20×30 അടി അളവിലുള്ള 230 പ്ലോട്ടുകളാണ് (സൈറ്റുകള്‍) സംഘടന തയ്യാറാക്കിയത്. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി, 230 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു.എന്നാല്‍, ഇതേ ഭൂമി 2008ല്‍ തങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിരുന്നതാണെന്നും ഇക്കാര്യം എല്ലാവർക്കും അറിയാമായിരുന്നുവെന്നും ബിഡിഎ ഉദ്യോഗസ്ഥൻ പറഞ്ഞു. ബിഡിഎയുടെ ഈ അവകാശവാദത്തിനെതിരെ സംഘടനയിലെ അംഗങ്ങള്‍ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങളാണ് പദ്ധതി പ്രദേശത്തെ വിവാദത്തിലാക്കുന്നത്.