Home കർണാടക ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡ്; കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലെ 21 കിലോമീറ്റര്‍ തുറന്നു കൊടുക്കും!

ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡ്; കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലെ 21 കിലോമീറ്റര്‍ തുറന്നു കൊടുക്കും!

ബെംഗളൂരു: ഹൊസ്‌കോട്ടെയില്‍ നിന്ന് കർണാടക-തമിഴ്‌നാട് അതിർത്തിയിലേക്കുള്ള സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡിന്റെ 21 കിലോമീറ്റർ ഭാഗം ഡിസംബറോടെ വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തേക്കും.നിർമ്മാണം പൂർത്തിയാകാത്ത പ്രധാന റെയില്‍വേ മേല്‍പ്പാലം കാരണം മുഴുവൻ പാതയും തുറക്കാൻ കഴിയാത്ത സാഹചര്യത്തില്‍ ഘട്ടംഘട്ടമായി ഗതാഗതം അനുവദിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നീക്കം.റെയില്‍വേ മേല്‍പ്പാലത്തിന്റെ നിർമാണം 2027 മാർച്ച്‌ വരെ തുടരാനാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു-ചെന്നൈ റെയില്‍വേ പാതയ്ക്ക് കുറുകെ ലിംഗദീരമല്ലസാന്ദ്രയില്‍ നിർമ്മിക്കുന്ന മേല്‍പ്പാലത്തിന് സമീപം വാഹനങ്ങള്‍ വഴിതിരിച്ചുവിടും.

ഹൊസ്‌കോട്ടെയില്‍നിന്ന് ഹൊസൂരിലേക്കുള്ള പാതയില്‍ 59 മീറ്റർ നീളമുള്ള ഗർഡർ ഡിസംബറോടെ സ്ഥാപിക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.എതിർദിശയില്‍ ഹൊസ്‌കോട്ടെയിലേക്കുള്ള പാതയിലെ ഗർഡർ 2027 മാർച്ചോടെ സ്ഥാപിക്കാനാണ് പദ്ധതി.ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി ഒന്നര വർഷത്തിലേറെയായി വൈകിയതോടെ ഹൈവേയുടെ പൂർത്തീകരണവും തടസപ്പെട്ടിരിക്കുകയാണ്. എന്നാല്‍ റോഡിന്റെ മറ്റു ഭാഗങ്ങളില്‍ നിർമ്മാണം കാര്യമായി തന്നെ പുരോഗമിച്ചിട്ടുണ്ട്.മേല്‍പ്പാലത്തിന്റെ മുഴുവൻ നിർമ്മാണവും പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ സജ്ജമായ ഭാഗങ്ങളിലൂടെ വാഹനങ്ങള്‍ കടത്തിവിടാനുള്ള മാർഗങ്ങളാണ് ദേശീയപാത അതോറിറ്റി പരിശോധിക്കുന്നത്.

സ്ഥലം പരിശോധിച്ച ചില നിർദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നും അവ പരിഹരിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.ഇവിടെ വീണ്ടും പരിശോധന നടത്തും. ആവശ്യമായ അനുമതികള്‍ ലഭിച്ചശേഷം റെയില്‍വേ പാതയ്ക്ക് കുറുകെ 59 മീറ്റർ ഗർഡർ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ക്രമീകരണപ്രകാരം മേല്‍പ്പാല നിർമ്മാണം നടക്കുന്ന ഭാഗത്തിന് സമീപം വാഹനങ്ങള്‍ വഴിതിരിച്ചുവിടും. അതിനപ്പുറമുള്ള സജ്ജമായ റോഡ് ഭാഗങ്ങളിലൂടെ യാത്ര തുടരാനും അനുവദിക്കും.ഇതുവഴി മേല്‍പ്പാലത്തിന്റെ നിർമ്മാണം പൂർണമായി പൂർത്തിയാകുന്നതിന് മുമ്പുതന്നെ 21 കിലോമീറ്റർ പാതയുടെ വലിയൊരു ഭാഗം വാഹനങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

ബെംഗളൂരുവിന് ചുറ്റുമുള്ള ഉപ നഗരങ്ങള്‍ തമ്മിലുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന സാറ്റലൈറ്റ് റിംഗ് റോഡിലെ പ്രധാന ഭാഗമാണ് ഹൊസ്‌കോട്ടെ-തമിഴ്‌നാട് അതിർത്തി പാത.സംസ്ഥാന അതിർത്തിയില്‍നിന്ന് തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ബെലഗൊണ്ടപ്പള്ളിയിലേക്ക് നീളുന്ന 36 കിലോമീറ്റർ റിംഗ് റോഡുമായി ഇത് ബന്ധിപ്പിക്കുന്നു. ഇതിലൂടെ ഹൊസൂരിലേക്കുള്ള യാത്രയും കൂടുതല്‍ സുഗമമാകും. പാത തുറന്നുകൊടുക്കുന്നതോടെ ഹൊസ്‌കോട്ടെയില്‍നിന്ന് ഹൊസൂരിലേക്കുള്ള യാത്രക്കാർക്കും ചരക്കുവാഹനങ്ങള്‍ക്കും നേരിട്ടുള്ള യാത്രാമാർഗം ലഭിക്കും. ദേവനഹള്ളി, ദൊഡ്ഡബല്ലാപുര, തുമക്കൂരു റോഡ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതബന്ധവും മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group