ബെംഗളൂരു: ബെംഗളൂരുവില്‍ ശ്വസിക്കുന്ന വായു അതീവ അപകടകരമായ അവസ്ഥയിലെന്ന് പുതിയ പഠന റിപ്പോർട്ട്. 2026 മാർച്ച് 1 മുതല്‍ മേയ് 10 വരെയുള്ള 71 ദിവസങ്ങളില്‍ 55 ദിവസവും നഗരത്തിലെ വായുവില്‍ ഓസോണിന്റെ അളവ് നിശ്ചയിക്കപ്പെട്ട സുരക്ഷിത പരിധിയേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്ന് ‘സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്‍മെന്റ്’ നടത്തിയ പഠനം വ്യക്തമാക്കുന്നു.അക്ഷരാര്‍ത്ഥത്തില്‍ നഗരത്തില്‍ വിഷപ്പുക നിറഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.ഇന്ത്യയില്‍ ഡല്‍ഹിയും (62 ദിവസം) ഭോപ്പാലും (60 ദിവസം) കഴിഞ്ഞാല്‍ ഓസോണ്‍ മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബെംഗളൂരുവാണ്.
മുൻകാലങ്ങളില്‍ പകല്‍ സമയത്ത് മാത്രം കണ്ടിരുന്ന ഈ പ്രതിഭാസം ഇപ്പോള്‍ രാത്രിയിലും നീണ്ടുനില്‍ക്കുന്നു എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. നഗരവാസികള്‍ ദിവസത്തില്‍ ഏകദേശം 16 മണിക്കൂറോളമാണ് ഈ വിഷവായു ശ്വസിക്കുന്നത്.ഭൂമിക്ക് മുകളില്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലുള്ള (സ്ട്രാറ്റോസ്ഫിയർ) ഓസോണ്‍ പാളി സൂര്യനില്‍ നിന്നുള്ള ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്ന ഒരു കുടയായി പ്രവർത്തിക്കുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യർ ജീവിക്കുന്ന വായുവില്‍, അതായത് ഭൂനിരപ്പില്‍ ഉണ്ടാകുന്ന ഓസോണ്‍ (ഗ്രൗണ്ട് ലെവല്‍ ഓസോണ്‍) ഇതില്‍ നിന്ന് വ്യത്യസ്തമാണ്. വായുമലിനീകരണത്തിന്റെ ഭാഗമായാണ് ഇതിനെ കാണേണ്ടത്.എങ്ങനെയാണ് ഗ്രൗണ്ട് ലെവല്‍ ഓസോണ്‍ ഉണ്ടാകുന്നത്?വണ്ടികളില്‍ നിന്നുള്ള പുക, ഫാക്ടറികളിലെ പുക അടക്കമുള്ള മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് പുറത്തുവരുന്ന നൈട്രജൻ ഓക്സൈഡുകളും മറ്റു രാസവസ്തുക്കളും അന്തരീക്ഷത്തില്‍ കലരുന്നു. ഇതാണ് ഗ്രൗണ്ട് ലെവല്‍ ഓസോണിന്റെ സ്രഷ്ടാക്കള്‍. വേനല്‍ക്കാലത്തെ കഠിനമായ വെയിലും ചൂടും ഏല്‍ക്കുമ്പോള്‍ ഈ രാസവസ്തുക്കള്‍ തമ്മില്‍ പ്രവർത്തിച്ച് വായുവില്‍ ഓസോണ്‍ വാതകം രൂപപ്പെടുന്നു.
അതുകൊണ്ട് തന്നെ ചൂട് കൂടുമ്പോള്‍ ഗ്രൗണ്ട് ലെവല്‍ ഓസോണിന്റെ അളവും കൂടും.സാധാരണയായി സൂര്യനസ്തമിക്കുമ്പോള്‍ ഈ പ്രക്രിയ നിലച്ച് ഓസോണ്‍ ഇല്ലാതാകേണ്ടതാണ്. എന്നാല്‍ ചൂടുകൂടിയ കാലാവസ്ഥയും വായുവിന്റെ പ്രത്യേകതയും കാരണം ബെംഗളൂരുവില്‍ സൂര്യാസ്തമനത്തിന് ശേഷവും രാത്രികളില്‍ ഓസോണ്‍ ഉയർന്ന അളവില്‍ നിലനില്‍ക്കുന്നതായി റിപ്പോർട്ടുകള്‍ പറയുന്നു. ബെംഗളൂരുവില്‍ എത്തുമ്പോള്‍ ശ്വാസകോശപരമായ പ്രശ്നങ്ങള്‍ നാട്ടിലേതിനെക്കാള്‍ കൂടുതലാണെന്ന് തോന്നുന്നുവെങ്കില്‍ അതിനു പിന്നിലെ കാരണം ഒരുപക്ഷെ ഗ്രൗണ്ട് ലെവല്‍ ഓസോണ്‍ ലെവല്‍ കൂടുന്നതാകാം. ശ്വാസകോശ വീക്കത്തിന് ഇത് കാരണമാകും. ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. അന്തരീക്ഷത്തിലെ പൊടി, പൂമ്പൊടി തുടങ്ങിയവയോട് ശരീരം പെട്ടെന്ന് പ്രതികരിക്കുന്നതിനും ഇത് കാരണമാകാം.