ബെംഗളൂരു, ചെന്നൈ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവർക്ക് വലിയൊരു ആശ്വാസമായി മാറുകയാണ് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്വേയുടെ ആന്ധ്രാപ്രദേശ് പരിധിയില്‍ വരുന്ന പുതിയ പാത.25 കിലോമീറ്റർ നീളമുള്ള പാത അടുത്തിടെയാണ് തുറന്ന് കൊടുത്തത്. ഇതോടെ ഈ എക്സ്പ്രസ്വേയില് ആകെ തുറന്ന പാതയുടെ നീളം ഏകദേശം 100 കിലോമീറ്ററായി ഉയർന്നു.2025ന്റെ തുടക്കത്തില്‍ കർണാടകയിലെ ഹൊസ്കോട്ടെ മുതല്‍ ബേത്തമംഗല വരെയുള്ള 71 കിലോമീറ്റർ പാത ദേശീയ പാത അതോറിറ്റി തുറന്നിരുന്നു. ഇപ്പോള്‍ ഇതിന്റെ തുടർച്ചയായി ആന്ധ്രാപ്രദേശിലെ ബേത്തമംഗല മുതല്‍ ബൈറെഡ്ഡിപ്പള്ളി വരെയുള്ള 25 കിലോമീറ്റർ പാതയാണ് പുതുതായി തുറന്നത്.
ആന്ധ്രാപ്രദേശില്‍ ആദ്യമായാണ് ഈ എക്സ്പ്രസ്വേയുടെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്.ഈ പുതിയ പാത തുറന്നതോടെ കർണാടകയിലെ ഹൊസ്കോട്ടെയില്‍ നിന്നും ആന്ധ്രാപ്രദേശിലെ ബൈറെഡ്ഡിപ്പള്ളിയിലേക്ക് എക്സ്പ്രസ്വേ വഴി നേരിട്ട് തടസ്സമില്ലാതെ പോകാം. ചിറ്റൂർ, തിരുപ്പതി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഈ പുതിയ പാത ഏറെ ഉപകാരപ്പെടും. എക്സ്പ്രസ്വേയില് നിന്ന് ഇറങ്ങിയ ശേഷം യാത്രക്കാർക്ക് നിലവിലുള്ള ദേശീയപാതകളിലേക്ക് കണക്ട് ചെയ്യുന്ന ജില്ലാ റോഡുകള്‍ ഉപയോഗിച്ച് ഈ സ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാകും. ഇത് യാത്രാസമയത്തില്‍ വലിയ ലാഭമുണ്ടാക്കും.പുതിയ പാത കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ടോള്‍ നിരക്കുകള്‍ നിലവില്‍ വന്നിട്ടുണ്ട്. ഇതനുസരിച്ച് ഹൊസ്കോട്ടെ (ഹെഡിഗണബെലെ ടോള്‍ പ്ലാസ) മുതല്‍ ബൈറെഡ്ഡിപ്പള്ളി വരെയുള്ള യാത്രയ്ക്കുള്ള നിരക്കുകള്‍ താഴെ പറയുന്ന പ്രകാരമാണ്:കാർ, ജീപ്പ്, വാൻ: ഒരു വശത്തേക്ക് 195 രൂപ. പോയി വരാനുള്ള നിരക്ക് 290 രൂപ.
ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍/മിനി ബസ്: ഒരു വശത്തേക്ക് 315 രൂപ, പോയി വരാൻ 470 രൂപ.ട്രക്ക്, ബസ്: ഒരു വശത്തേക്ക് 655 രൂപ, പോയി വരാൻ 985 രൂപ.എക്സ്പ്രസ്വേയുടെ പ്രധാന പാതയിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ ടോള്‍ ബാധകം. ഇതിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമുള്ള റാമ്പുകള്‍ ഉപയോഗിക്കുന്ന പ്രാദേശിക വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ല.ആകെ 262 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ്വേ പൂർണ്ണമായും തുറക്കുന്നതോടെ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം വെറും 2.5 മുതല്‍ 3 മണിക്കൂറായി കുറയും. വനഭൂമി അനുമതികളും കോടതി കേസുകളും കാരണമാണ് ബാക്കി ഭാഗങ്ങളുടെ നിർമ്മാണം അല്പം വൈകുന്നത്. എങ്കിലും തമിഴ്നാട് പാത ഉള്‍പ്പെടെയുള്ള ബാക്കി നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കി 2026 ഡിസംബറോടെയോ 2027-ന്റെ തുടക്കത്തിലോ ഈ എക്സ്പ്രസ്വേ പൂർണ്ണമായി തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.