Home കർണാടക ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരുവില്‍ 500 കിലോമീറ്റർ പുതിയ റോഡുകളും 40 കിലോമീറ്റർ ടണല്‍ ഇടനാഴിയും 120 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴിയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ഡികെശിവകുമാർ.നിർദിഷ്‌ട ടണല്‍ ഇടനാഴിയില്‍ 16.5 കിലോമീറ്റർ വടക്ക്-തെക്ക് സ്‌ട്രെച്ചും (17,780 കോടി രൂപ ചെലവ് കണക്കാക്കിയ) 21 കിലോമീറ്റർ കിഴക്ക്-പടിഞ്ഞാറ് ഭാഗവും ഉള്‍പ്പെടുന്നു.120 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് കോറിഡോറിന് 23,165 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്, ഇത് നാല് വിഭാഗങ്ങളായി തിരിക്കും. 10 കിലോമീറ്ററില്‍ താഴെയുള്ള ഇടനാഴികള്‍ ടോള്‍ ഫ്രീ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ എംഎല്‍മാരുമായി തന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ യോഗത്തില്‍ അദ്ദേഹം വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും ജനസംഖ്യയ്ക്കും വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്ത് റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുൻഗണന നല്‍കണമെന്ന് അഭിപ്രായപ്പെട്ടു.

500 കിലോമീറ്റർ പുതിയ റോഡ് കണക്ഷനുകളില്‍ 300 കിലോമീറ്റർ ബഫർ റോഡുകളും മഴവെള്ള അഴുക്കുചാലുകളോടു കൂടിയ ബഫർ റോഡുകളും മുമ്പ് പെരിഫറല്‍ റിംഗ് റോഡ് എന്ന് അറിയപ്പെട്ടിരുന്ന ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ (ബിബിസി) 68 കിലോമീറ്ററും ഉള്‍പ്പെടുന്നു. 17 കിലോമീറ്റർ ഔട്ടർ റിംഗ് റോഡും നവീകരിക്കും.ഔട്ടർ റിംഗ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 37 കിലോമീറ്റർ ഡബിള്‍ ഡെക്കർ റോഡ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ 11 കിലോമീറ്റർ മാത്രമാണ് കേന്ദ്രം അംഗീകരിച്ചതെന്ന് ശിവകുമാർ പറഞ്ഞു. 2027ഓടെ മെട്രോ ശൃംഖല 96 കിലോമീറ്ററില്‍ നിന്ന് 170 കിലോമീറ്ററായി വികസിപ്പിക്കാനും നിലവിലുള്ള 7,000 ഫ്ളീറ്റിലേക്ക് 4500 ബസുകള്‍ കൂട്ടിച്ചേർക്കാനും സർക്കാർ ലക്ഷ്യമിടുന്നു.2030ഓടെ സബർബൻ റെയില്‍ ശൃംഖല 150 കിലോമീറ്ററിലെത്താനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ ജലവിതരണം വർദ്ധിപ്പിക്കുന്നതിനായി കാവേരി സ്‌റ്റേജ് 6 പദ്ധതിയും ഏറ്റെടുക്കും.

2037ല്‍ ബംഗളൂരു 500 വർഷം പൂർത്തിയാക്കുന്നതിന് മുന്നോടിയായാണ് 10 വർഷത്തെ വികസന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിർദിഷ്‌ട പദ്ധതികള്‍ക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിക്ക് പുറത്തുള്ള 65 ഗ്രാമപഞ്ചായത്തുകളെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാക്കി നവീകരിക്കാനും സർക്കാർ പദ്ധതിയിടുന്നു, കുടിവെള്ളവും മലിനജല അടിസ്ഥാന സൗകര്യങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബെംഗളൂരു നഗരത്തില്‍ കൂടുതലായി ആളുകള്‍ എത്തുകയും നഗരം വളരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം ഏറെ പ്രധാനപ്പെട്ടതാണ്.പ്രത്യേകിച്ച്‌ കഴിഞ്ഞ കുറച്ചധികം നാളുകളായി ബെംഗളൂരു നഗരത്തിന് ഏറെ വിമർശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുള്ളത് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിലാണ്. നഗരത്തിന് എക്കാലവും അപവാദമായ ഗതാഗത കുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group