ബെംഗളൂരു: കർണാടകയിലെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ് എന്നിവർ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുടുംബപരമായ അടിയന്തര ആവശ്യത്തെത്തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയതിനാലാണ് വ്യാഴാഴ്ചത്തെ ചർച്ചകള്‍ പൂർത്തിയാകാതെ നീണ്ടുപോയത്. വരും ദിവസങ്ങളില്‍ അടുത്ത ഘട്ട ചർച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിസഭാ വികസനം പൂർത്തിയാക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുർജേവാല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നിലവില്‍ 20 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ഒഴിവുകിടക്കുകയാണ്. 2028-ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, പഴയ മുതിർന്ന നേതാക്കള്‍ക്ക് പകരം പുതിയതും യുവത്വമുള്ളതുമായ മുഖങ്ങള്‍ക്ക് മുൻഗണന നല്‍കണമെന്ന് രാഹുല്‍ ഗാന്ധി സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചതായാണ് സൂചന.അതേസമയം, മന്ത്രിസഭാ വികസനം വൈകുന്നത് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നാല്‍പ്പതോളം കോണ്‍ഗ്രസ് എം.എ.എല്‍.എമാർ മന്ത്രിസ്ഥാനത്തിനായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ലക്ഷ്മണ് സവാദി, ടി.ബി. ജയചന്ദ്ര, അശോക് പട്ടാൻ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പരസ്യമായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.