Home കർണാടക ‘പണം കൊണ്ട് സംസ്കാരം വാങ്ങാനാവില്ല’; യാത്രക്കിടെ വിമാനത്തിനുള്ളില്‍ തന്നെ മാലിന്യം ഉപേക്ഷിച്ച കുട്ടിക്കും കുടുംബത്തിനുമെതിരെ യാത്രക്കാരൻ

‘പണം കൊണ്ട് സംസ്കാരം വാങ്ങാനാവില്ല’; യാത്രക്കിടെ വിമാനത്തിനുള്ളില്‍ തന്നെ മാലിന്യം ഉപേക്ഷിച്ച കുട്ടിക്കും കുടുംബത്തിനുമെതിരെ യാത്രക്കാരൻ

by ടാർസ്യുസ്

ബെംഗളൂരു: ഗുവാഹത്തിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ സഹയാത്രികനായ കുട്ടിയുടെ പെരുമാറ്റത്തില്‍ രൂക്ഷവിമർശനവുമായി ഒരു യാത്രക്കാരൻ.കുടുംബം യാതൊരു സാമൂഹിക ബോധവുമില്ലാതെ പെരുമാറിയെന്നും, ‘പണം കൊണ്ട് സംസ്കാരം വാങ്ങാനാവില്ല’ എന്നും ഇയാള്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വിമാനത്തിന്റെ തറയില്‍ മാലിന്യം നിറഞ്ഞുകിടക്കുന്നതിന്റെ ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 10-12 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി ഐപാഡില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ബിസ്കറ്റ് കഴിക്കുകയും അതിന്റെ കവറുകളും പൊടിയും തറയിലേക്ക് ഇടുകയും ചെയ്തു.

മാത്രമല്ല, കുടിക്കുകയായിരുന്ന ജ്യൂസ് തറയില്‍ ഒഴിക്കുകയും ചെയ്തുവെന്ന് യാത്രക്കാരൻ ആരോപിക്കുന്നു. കുട്ടിയുടെ കുടുംബം നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ വിലകൂടിയ ഗാഡ്‌ജെറ്റുകള്‍ വാങ്ങിക്കൊടുക്കുന്നതല്ലാതെ, അടിസ്ഥാനപരമായ മര്യാദകള്‍ കുട്ടിയെ പഠിപ്പിക്കാൻ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് യാത്രക്കാരൻ കുറ്റപ്പെടുത്തി. സംഭവം വലിയ ചർച്ചയായതോടെ പലരും സമാനമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.വിമർശനം മാതാപിതാക്കള്‍ക്ക് നേരെ’സമ്പന്ന കുടുംബം, പക്ഷേ സാമാന്യബോധമില്ല’ എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കുട്ടിയുടെ പ്രവൃത്തികള്‍ കണ്ടിട്ടും മാതാപിതാക്കള്‍ തിരുത്താനോ വൃത്തിയാക്കാനോ ശ്രമിച്ചില്ല. ഇത് തികച്ചും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണെന്ന് പോസ്റ്റില്‍ പറയുന്നു.

ഈ മാലിന്യമെല്ലാം വൃത്തിയാക്കേണ്ടത് വിമാനത്തിലെ കാബിൻ ജീവനക്കാരാണെന്നും യാത്രക്കാരൻ ഓർമ്മിപ്പിച്ചു. കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം സാമൂഹികമായ ഉത്തരവാദിത്തങ്ങളും പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന വാദമാണ് പോസ്റ്റിന് താഴെ കമന്റുകളായി നിറയുന്നത്. ഒരു ചെറിയ സംഭവമാണെങ്കിലും, പൊതു ഇടങ്ങളിലെ പെരുമാറ്റത്തെയും കുട്ടികളെ വളർത്തുന്നതിലെ ഉത്തരവാദിത്തങ്ങളെയും കുറിച്ച്‌ വലിയ ചർച്ചകള്‍ക്കാണ് ഈ റെഡ്ഡിറ്റ് പോസ്റ്റ് ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത്. പലരും തങ്ങളുടെ സമാനമായ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group