ബെംഗളൂരു: പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍ ഇരുപത്തത്തൊന്നുകാരിയെ ബന്ധുവായ യുവാവ് വെട്ടിക്കൊലപ്പെടുത്തി.കർണാടകയിലെ ബണ്ട്വാളില്‍ ആയിരുന്നു ദാരുണമായ കൊലപാതകം നടന്നത്. ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ പട്ടാപ്പകലാണ് യുവാവ് കൊലപ്പെടുത്തിയത്. ബണ്ട്വാള്‍ ഉലിഗ്രാം സ്വദേശിനിയും കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോം ജീവനക്കാരിയുമായ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി ബെല്‍ത്തങ്ങാടി ഒഡില്‍നാല സ്വദേശി ചേതനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.വ്യാഴാഴ്ച വൈകുന്നേരം ബിസി റോഡിലെ കെഎസ്‌ആർടിസി പുതിയ ബസ് സ്റ്റാൻഡില്‍ ആയിരുന്നു സംഭവം. ആറുമണി കഴിഞ്ഞുള്ള ബസിനായി കാത്ത് നില്‍ക്കുകയായിരുന്നു ലാവണ്യ. ഈ സമയത്താണ് ചേതൻ അവിടേക്ക് എത്തുന്നതും ബാഗില്‍ നിന്ന് കൊടുവാള്‍ പുറത്തെടുത്തത്ത് ലാവണ്യയെ ആക്രമിക്കാൻ ശ്രമിക്കുന്നതും.
രക്ഷപെടാനായി ലാവണ്യ മുന്നോട്ട് ഓടിയെങ്കിലും പ്രതി പിന്നാലെ ഓടിച്ചിട്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം ആയുധം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ലാവണ്യയെ സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ചേർന്ന് ഉടൻ തന്നെ ബണ്ട്വാള്‍ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു.ലാവണ്യയുടെ അകന്ന ബന്ധുവാണ് പ്രതി ചേതൻ. ഇയാള്‍ യുവതിയോട് പല തവണ പ്രണയാഭ്യർത്ഥന നടത്തിയി രുന്നെങ്കിലും യുവതി അത് നിരസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സംഭവസ്ഥലത്തെ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ബണ്ട്വാള്‍ സബ് ഡിവിഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ബണ്ട്വാള്‍ ടൗണ്‍ പോലീസ് ഇൻസ്പെക്ടറും സംഘവും സംഭവസ്ഥലത്തെത്തി സന്ദർശിച്ച് പരിശോധന നടത്തി. പ്രദേശത്ത് പോലീസ് കാവല്‍ ഏർപ്പെടുത്തി. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം നടക്കുകയാണ്. ഒളിവില്‍ പോയ പ്രതിയെ ഉടൻ കണ്ടെത്തുമെന്നാണ് പോലീസ് പറയുന്നത്.