കുവൈത്ത്: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവില്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സായുധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന സ്ഫോടന ശബ്‍ദങ്ങള്‍ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം (എയർ ഡിഫൻസ്) വിജയകരമായി വെടിവെച്ചിടുന്നതിന്‍റെ ഭാഗമാണെന്ന് സൈന്യം അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട അധികൃതർ നല്‍കുന്ന സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും സൈനിക വക്താവ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തിന്‍റെ അതിർത്തി പോസ്റ്റുകള്‍ക്ക് നേരെയും സമുദ്രത്തിലെ എണ്ണ ഖനന പ്ലാറ്റ്‌ഫോമിന് നേരെയും ശക്തമായ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
അതേസമയം, ബഹ്‌റൈനിലും മുന്നറിയിപ്പുണ്ട്. ജോർദാനിലും അമേരിക്കൻ തവളങ്ങള്‍ ആക്രമിച്ചു എന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ ആക്രമിച്ച യുഎഇയുടെ കപ്പല്‍ മൊബാസയില്‍ നിന്ന് 21 പേരെ ഒമാൻ രക്ഷിച്ചു. ഒമാൻ മരിടൈം സെക്യൂരിറ്റി സെന്‍ററാണ് വിവരം നല്‍കിയത്.ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ വ്യോമപാതകളില്‍ കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ ഭാഗമായി കുവൈത്ത്, യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയും ഒമാൻ ഉള്‍ക്കടലിന് മുകളിലുള്ള വ്യോമപാതയും പൂർണ്ണമായും ഒഴിവാക്കാൻ വിമാനക്കമ്പനികള്‍ക്ക് ഏജൻസി അടിയന്തര നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലകളില്‍ സർവീസ് നടത്തുന്നത് കടുത്ത സുരക്ഷാ വെല്ലുവിളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യാന്തര വിമാന സർവീസുകളുടെ റൂട്ടുകള്‍ പുനഃക്രമീകരിക്കാൻ വ്യോമയാന മന്ത്രാലയങ്ങള്‍ ഒരുങ്ങുന്നത്.