കെജിഎഫ് കേന്ദ്രീകരിച്ച് വൻകിട സംയോജിത ടൗണ്‍ഷിപ്പ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കർണാടക സർക്കാർ. ബെംഗളൂരുവിന് പുറത്ത് പുതിയ നഗരങ്ങളും സാമ്പത്തിക ഹബ്ബുകളും വികസിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.പദ്ധതിക്കായി കണ്‍സള്‍ട്ടന്റിനെ നിയമിക്കാൻ നോഡല്‍ ഏജൻസിയായ കർണാടക അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ആൻഡ് ഫിനാൻസ് കോർപ്പറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൗണ്‍ഷിപ്പിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് കണ്‍സള്‍ട്ടന്റിന്റെ പ്രധാന ചുമതല.
ബിദാദിയില്‍ കർഷകരുടെയും പ്രതിപക്ഷ കക്ഷികളായ ബി.ജെ.പി, ജെ.ഡി.എസ് എന്നിവരുടെയും ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് കെ.ജി.എഫിലും പുതിയ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.എഐ ചിത്രംനിയമിക്കപ്പെടുന്ന കണ്‍സള്‍ട്ടന്റ് പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കും. വിപണിയിലെ ആവശ്യകതകള്‍ കണ്ടെത്തുക, ഇതിനായി നീക്കിവെച്ചിരിക്കുന്ന ഭൂമി വിലയിരുത്തുക, വരുമാന മാതൃകകള്‍ തയ്യാറാക്കുക, ഏറ്റവും അനുയോജ്യമായ പങ്കാളിത്ത രീതി ഏതാണെന്ന് സർക്കാരിന് നിർദ്ദേശിക്കുക എന്നിവയാണ് കണ്‍സള്‍ട്ടന്റിന്റെ ചുമതലകള്‍.ഇന്ത്യയിലെയും വിദേശത്തെയും സമാനമായ വൻകിട ടൗണ്‍ഷിപ്പുകളെക്കുറിച്ച് പഠിച്ച് ഏതൊക്കെ രീതിയില്‍ ഈ ഭൂമി ഉപയോഗിക്കാം, എത്ര ഘട്ടങ്ങളായി മാസ്റ്റർ പ്ലാൻ പൂർത്തിയാക്കാം, പദ്ധതിയുടെ ആകെ ചിലവും സർക്കാരിന് ലഭിക്കാവുന്ന വരുമാനവും എത്രയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും കണ്‍സള്‍ട്ടന്റ് വ്യക്തമാക്കണം.
പഴയ ഖനന മേഖലയെ പുനരുജ്ജീവിപ്പിക്കാൻ വർഷങ്ങളായി പല നിർദ്ദേശങ്ങളും വന്നിരുന്നെങ്കിലും ഒരു പതിറ്റാണ്ടിലേറെയായി ഇതെല്ലാം കടലാസിലൊതുങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചില്‍ അന്നത്തെ നഗരവികസന മന്ത്രി ബി.എസ്. സുരേഷാണ് ഭാരത് ഗോള്‍ഡ് മൈൻസ് ലിമിറ്റഡിന്റെ ഭൂമിയില്‍ പി.പി.പി മാതൃകയില്‍ ടൗണ്‍ഷിപ്പ് വരുമെന്ന് അറിയിച്ചത്. ഇതിനായി ഏകദേശം 300 ഏക്കറോളം ഭൂമി കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ 960 ഏക്കറോളം ബി.ജി.എം.എല്‍ ഭൂമി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ്.ബെംഗളൂരുവില്‍ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയുള്ള കോലാർ സ്വർണ്ണപ്പാടം ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഖനന കേന്ദ്രങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഖനന നഷ്ടത്തെ തുടർന്ന് 2001-ല്‍ ബി.ജി.എം.എല്‍ പൂട്ടിയതോടെ ഇവിടുത്തെ പ്രവർത്തനങ്ങള്‍ അവസാനിച്ചു.അതിനുശേഷം ഈ മേഖലയില്‍ മറ്റ് വ്യാവസായിക വികസനങ്ങളൊന്നും കാര്യമായി ഉണ്ടായില്ല. ഇതോടെ ജോലി തേടി ഇവിടുത്തെ ഭൂരിഭാഗം താമസക്കാരും ദിവസവും ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയോ അങ്ങോട്ട് കുടിയേറുയോ ചെയ്യേണ്ട അവസ്ഥയിലായി. എന്നാല്‍ പുതിയ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ വരുന്നതോടെ ഈ മേഖലയുടെ യാത്രാസൗകര്യം വൻതോതില്‍ വർദ്ധിക്കും.
ഇത് കണക്കിലെടുത്ത് വലിയ തോതില്‍ താമസസൗകര്യങ്ങളും വാണിജ്യ-വ്യാവസായിക നിക്ഷേപങ്ങളും കെ.ജി.എഫിലേക്ക് ആകർഷിക്കാൻ ടൗണ്‍ഷിപ്പിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.ബിദാദി ടൗണ്‍ഷിപ്പിന്റെ മാസ്റ്റർ പ്ലാനും വിശദമായ പദ്ധതി റിപ്പോർട്ടും തയ്യാറാക്കാൻ 26 കോടി രൂപയുടെ ടെൻഡർ ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. 7,481 ഏക്കറിലാണ് ബിദാദി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സാമ്പത്തിക ഇടനാഴികള്‍ക്കും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 2,742 ഏക്കർ ഭൂമിയും മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ രാമനഗര ജില്ലയിലെ കാർഷിക ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രാദേശിക കർഷകരും പ്രതിപക്ഷ പാർട്ടികളും വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തുണ്ട്.