ബംഗളൂരു: കർണാടകയിലെ ബംഗളൂരുവില്‍ 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ശേഖപ്പ (22)യെ പോലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിന്റെ മരണത്തില്‍ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് ഡിവിഷൻ പരിധിയിലാണ് 11 മാസം പ്രായമുള്ള രേണക എന്ന കുഞ്ഞ് മരിച്ചത്.കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലില്‍ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തിയത്.
വിജയലക്ഷ്മി കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഈ സമയം രേണുക കട്ടിലില്‍ നിന്ന് താഴേക്ക് വീണെന്നുമാണ് ശേഖപ്പ ആദ്യം പോലീസിന് മൊഴി നല്‍കിയത്. ഉടനടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് വീണുവെന്ന് ശേഖപ്പ പറയുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇതാണ് പ്രാഥമിക പരിശോധനയില്‍ പോലീസിന് സംശയമുണ്ടാകാൻ കാരണം. ഇത്രയും കുറഞ്ഞ ഉയരത്തില്‍ നിന്ന് വീണാല്‍ മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കിയ പോലീസ് വിശദമായ അന്വേഷണം നടത്തി.പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ കണ്ടെത്തി. ക്രൂരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ റിപ്പോർട്ടില്‍ നിന്ന് വ്യക്തമായി.ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുകള്‍ നടക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു.
തുടർന്ന് പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കൊലപാതകത്തില്‍ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.സംഭവ നടക്കുന്ന ദിവസവും ദമ്പതികള്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി. ഇതിനിടയില്‍ കുഞ്ഞ് ഉച്ചത്തില്‍ കരയാൻ തുടങ്ങിയത് ശേഖപ്പയെ പ്രകോപിപ്പിച്ചു. കോപാകുലനായ ഇയാള്‍ കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാമത്തെ കുട്ടിയായ രേണുകയോട് വിജയലക്ഷ്മിക്ക് കടുത്ത അവഗണനയുണ്ടായിരുന്നതായും സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.