Home കർണാടക ബെംഗളൂരുവിന്റെ ശരിയായ പതിപ്പ്; കല്യാണ്‍ നഗര്‍ ഭാഗത്ത് വൻ ഗതാഗത കുരുക്ക്, കാരണം മെട്രോ ജോലികള്‍

ബെംഗളൂരുവിന്റെ ശരിയായ പതിപ്പ്; കല്യാണ്‍ നഗര്‍ ഭാഗത്ത് വൻ ഗതാഗത കുരുക്ക്, കാരണം മെട്രോ ജോലികള്‍

ബെംഗളൂരു: നഗരത്തിന് എക്കാലവും അപവാദമായി നിലനില്‍ക്കുന്ന ഒരു കാര്യമാണ് ഗതാഗത കുരുക്ക്. രാജ്യത്തെ തന്നെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ബെംഗളൂരുവില്‍ അതൊരു പുതിയ കാര്യമല്ല.ഇപ്പോഴിതാ ഹെബ്ബാളില്‍ നിന്ന് ടിൻ ഫാക്‌ടറിയിലേക്കുള്ള യാത്ര കഴിഞ്ഞ മൂന്ന് മാസമായി ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയാണ്. പ്രത്യേകിച്ച്‌ കല്യാണ്‍ നഗർ ഭാഗത്ത് വിമാനത്താവള മെട്രോ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഔട്ടർ റിങ് റോഡിലെ (ഒആർആർ) യാത്ര ബുദ്ധിമുട്ടേറി.മെട്രോ നിർമ്മാണത്തിനായി പ്രധാന പാതയുടെ ഭാഗങ്ങള്‍ അടച്ചതോടെ വാഹനങ്ങള്‍ സർവീസ് റോഡുകളെ കൂടുതലായി ആശ്രയിക്കുകയാണ്. എന്നാല്‍ ടിൻ ഫാക്‌ടറിയില്‍ നിന്ന് ഹെബ്ബാളിലേക്കുള്ള ദിശയില്‍ കല്യാണ്‍ നഗർ ഫ്ലൈഓവറിന് താഴെയുള്ള ഇടത് വശത്തെ സർവീസ് റോഡ് അടച്ചിട്ടിരിക്കുകയാണ്.

ഈ ഭാഗം ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ (ബിഎംആർസിഎല്‍) നിർമാണ സാമഗ്രികളും ഭാരവാഹനങ്ങളും പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്നതായാണ് യാത്രക്കാരുടെ പരാതി.ഗൂഗിള്‍ മാപ് ഉള്‍പ്പെടെയുള്ള നാവിഗേഷൻ ആപ്പുകളില്‍ ഈ സർവീസ് റോഡ് ഇപ്പോഴും തുറന്ന നിലയിലാണ് കാണിക്കുന്നത്. ഇതുമൂലം പല വാഹനങ്ങളും സർവീസ് റോഡിലേക്ക് പ്രവേശിച്ച ശേഷം വഴി അടഞ്ഞുകിടക്കുന്നതായി മനസിലാക്കി തിരികെ പ്രധാന റോഡിലേക്ക് മടങ്ങേണ്ടി വരുന്നു. ചിലർ യു-ടേണ്‍ എടുക്കുകയോ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുകയോ ചെയ്യുന്നത് ഗതാഗതക്കുരുക്കും അപകടസാധ്യതയും വർധിപ്പിക്കുന്നതായി ട്രാഫിക് വാർഡൻമാർ ഉള്‍പ്പെടെ പറയുന്നു.കല്യാണ്‍ നഗറിലെ പ്രദേശവാസികളും ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. മെട്രോ നിർമാണം കാരണം പ്രധാന റോഡ് പല ഭാഗങ്ങളിലും അടച്ചിട്ടതിനാല്‍ ഭൂരിഭാഗം വാഹനങ്ങളും സർവീസ് റോഡുകളിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ റോഡുകളുടെ നിലവാരം മോശമായതും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതും ലഭ്യമായ സ്ഥലം കുറയ്ക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇവിടെ സർവീസ് റോഡില്‍ വലിയ ലോറി അടക്കമുള്ള വാഹനങ്ങള്‍ പാർക്ക് ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇതുമൂലം ബാരിക്കേഡുകള്‍ക്കിടയില്‍ വാഹനങ്ങള്‍ക്ക് ലഭ്യമായ ഇടം വീണ്ടും കുറയുകയും യാത്രക്കാർ വാഹനങ്ങളില്‍ നിന്ന് ഇറങ്ങി മുന്നിലെ ഗതാഗതക്കുരുക്ക് പരിശോധിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്‌തു.അതേസമയം, നിർമ്മാണ വാഹനങ്ങള്‍ സർവീസ് റോഡില്‍ സ്ഥിരമായി പാർക്ക് ചെയ്യാറില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് ബിഎംആർസിഎല്ലിന്റെ വിശദീകരണം. സർവീസ് റോഡുകളുടെ അടച്ചിടലും ഗതാഗത ക്രമീകരണങ്ങളും ട്രാഫിക് പോലീസിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു.ഇതിനിടെ, ഈ വിഷയത്തില്‍ ഔദ്യോഗിക പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബനസ്വാടി ട്രാഫിക് പോലീസ് അറിയിച്ചു. എന്നിരുന്നാലും, മെട്രോ നിർമാണം പൂർത്തിയാകുന്നതുവരെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് തുടരുമെന്ന ആശങ്കയാണ് യാത്രക്കാർ പങ്കുവെക്കുന്നത്. മെട്രോ നിർമ്മാണമാവട്ടെ ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട് താനും.

You may also like

error: Content is protected !!
Join Our WhatsApp Group