ബംഗളൂരു: യുവതികളെ ഉപയോഗിച്ച് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തെ സെൻട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടി. ബംഗളൂരുവില്‍ നിയമവിരുദ്ധമായി താമസിച്ചുവരികയായിരുന്ന 10 യുവതികളും 2 പുരുഷന്മാരുമടങ്ങുന്ന 12 അംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്.ബാനസവാടി, ഹെന്നൂർ പോലീസ് സ്റ്റേഷൻ പരിധികളില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.പിടിയിലായവരില്‍ സുഹാഗ് മൻസൂർ അലി (29), മുകുള്‍ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പ് പശ്ചിമ ബംഗാള്‍ അതിർത്തി വഴി അനധികൃതമായാണ് ഇവർ ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള് വഴി യുവതികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.പിടിയിലായ യുവതികളെ ബംഗളൂരുവിലെ ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷൻ ഓഫീസിന് കൈമാറി. ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ അധികൃതർ ആരംഭിച്ചിട്ടുണ്ട്.