Home കർണാടക ബെംഗളൂരു മെട്രോ മൂന്നാം ഘട്ടം; ഡബിള്‍ ഡക്കറില്‍ സമ്മതം മൂളാതെ കേന്ദ്രം, നിര്‍മ്മാണം വൈകുന്നു, ചിലവ് കൂടും?

ബെംഗളൂരു മെട്രോ മൂന്നാം ഘട്ടം; ഡബിള്‍ ഡക്കറില്‍ സമ്മതം മൂളാതെ കേന്ദ്രം, നിര്‍മ്മാണം വൈകുന്നു, ചിലവ് കൂടും?

ബെംഗളൂരു: നമ്മ മെട്രോ ഫേസ്-3 പദ്ധതിയുടെ ആദ്യഘട്ട ടെൻഡർ ക്ഷണിച്ച്‌ ഏകദേശം ആറുമാസമായിട്ടും നിർണായകമായ ഡബിള്‍ ഡെക്കർ നിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാവാത്തതില്‍ ആശങ്ക.ഇതോടെ പദ്ധതിയുടെ നിർമ്മാണം വീണ്ടും വൈകാനും ചെലവ് ഗണ്യമായി വർധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബെംഗളൂരു മെട്രോയുടെ വികസനത്തിലെ നിർണായക ഘട്ടമാണ് സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.ഡബിള്‍ ഡെക്കർ നിർമ്മാണത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകള്‍ പരിശോധിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ നാല് മാസമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് തയ്യാറാക്കുകയാണ്.

അടുത്ത രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന് ലഭിക്കും. തുടർന്ന് ഇത് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച്‌ അനുമതി നേടും. കേന്ദ്രത്തിന്റെ അനുമതി ലഭിച്ച ശേഷമേ ടെൻഡർ നടപടികള്‍ മുന്നോട്ട് പോകൂ.ഫേസ്-3 പദ്ധതിയുടെ നിർമ്മാണം എട്ട് പാക്കേജുകളായാണ് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ആദ്യഘട്ടമായി ജെപി നഗർ നാലാംഘട്ടം മുതല്‍ കെംപാപുര വരെ ഓറഞ്ച് ലൈൻ നിർമ്മിക്കുന്ന മൂന്ന് പാക്കേജുകള്‍ക്കാണ് കഴിഞ്ഞ ജനുവരിയില്‍ ടെൻഡർ ക്ഷണിച്ചത്. ഏകദേശം 4187 കോടി രൂപയുടെ ഈ പ്രവൃത്തിയില്‍ ഡബിള്‍ ഡെക്കർ ഫ്ലൈഓവർ, മെട്രോ പാത, ടോള്‍ പ്ലാസ എന്നിവ ഉള്‍പ്പെടുന്നു.ഫെബ്രുവരിയില്‍ തന്നെ ടെൻഡർ നടപടികള്‍ പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ അനുമതി ലഭിക്കാത്തതിനാല്‍ നടപടികള്‍ മുന്നോട്ട് പോയിട്ടില്ല. ആദ്യമായി ഈ പദ്ധതിയുടെ പൂർത്തീകരണ ലക്ഷ്യം 2030 ഡിസംബറായിരുന്നു.

പിന്നീട് 2025 ഓഗസ്‌റ്റില്‍ അത് ആറുമാസം നീട്ടി 2031 മേയ് വരെയാക്കി. എന്നാല്‍ ഇതുവരെ സിവില്‍ ജോലികള്‍ പോലും ആരംഭിക്കാത്തതിനാല്‍ സമയപരിധി വീണ്ടും നീളാനാണ് സാധ്യതയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.ഫേസ്-3 പദ്ധതിയില്‍ ആകെ 44.15 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് മെട്രോ ഇടനാഴികളാണ് ഉള്‍പ്പെടുന്നത്. ജെപി നഗർ നാലാംഘട്ടം മുതല്‍ കെംപാപുര വരെയുള്ള 32.15 കിലോമീറ്റർ ദൈർഘ്യമുള്ള ഓറഞ്ച് ലൈനും ഹൊസഹള്ളി മുതല്‍ കടബഗരെ വരെയുള്ള 12 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാമത്തെ ഇടനാഴിയുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഡബിള്‍ ഡെക്കർ സംവിധാനമാണ്. ദാല്‍മിയ സർക്കിള്‍ മുതല്‍ ഹെബ്ബാള്‍ വരെയുള്ള 28 കിലോമീറ്ററും രണ്ടാം ഇടനാഴിയിലെ 9 കിലോമീറ്ററും ഡബിള്‍ ഡെക്കറായി നിർമ്മിക്കും. താഴത്തെ നിലയില്‍ ഫ്ലൈഓവറും മുകളിലെ നിലയില്‍ മെട്രോ പാതയും വരും.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.മെട്രോ നിർമാണത്തിന് മാത്രം 15,611 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിന് കേന്ദ്രസർക്കാർ സാമ്പത്തിക പങ്കാളിത്തം വഹിക്കും. എന്നാല്‍ പിന്നീട് ഉള്‍പ്പെടുത്തിയ ഡബിള്‍ ഡെക്കർ പദ്ധതിക്ക് മാത്രം 9,700 കോടി രൂപ അധികമായി ചെലവാകും. ഈ തുക സംസ്ഥാന സർക്കാർ വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.അതേസമയം, ബെംഗളൂരു മെട്രോയുടെ മുൻ പദ്ധതികളിലും ചെലവ് വലിയ തോതില്‍ വർധിച്ചിരുന്നു. ഒന്നാംഘട്ടത്തിന് ആദ്യം 6,385 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പൂർത്തിയായപ്പോള്‍ ചെലവ് 14,133 കോടി രൂപയായി. രണ്ടാംഘട്ടത്തിന്റെ ചെലവ് 26,405 കോടി രൂപയില്‍ നിന്ന് 40,425 കോടി രൂപയായി ഉയർന്നു. പദ്ധതി വീണ്ടും വൈകുകയാണെങ്കില്‍ ചെലവും കൂടുമെന്നും, അതിന്റെ ഭാരം യാത്രക്കാരുടെ മേല്‍ അധിക നിരക്കായി ചുമത്തരുതെന്നും യാത്രക്കാർ അടക്കം ആശങ്ക അറിയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group