ഇൻഷുറൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഏകീകൃത വിപണന പോർട്ടലായ ‘ബീമ സുഗം’ സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനസജ്ജമാകുമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) ചെയർമാൻ അജയ് സേത്ത് അറിയിച്ചു.തുടക്കത്തിൽ വാഹന ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നീ മേഖലകളിൽ നിന്നുള്ള മൂന്ന് പ്രധാന ഉത്പന്നങ്ങളാകും പോർട്ടൽ വഴി ലഭ്യമാകുക. മുംബൈയിൽ ഇൻഷുറൻസ് ബോധവത്കരണകമ്മിറ്റി (ഐ.എ.സി.) സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു.എല്ലാ ഇൻഷുറൻസ് കമ്പനികളെയും പൊതു പ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ടുവരുന്ന ഈ സംരംഭം രാജ്യത്തെ ഇൻഷുറൻസ് വിതരണ ശൃംഖലയെ അടിമുടി പരിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബീമ സുഗം ഒരു മാർക്കറ്റ് ഇൻഫ്രാസ്ട്രക്‌ചർ സംരംഭമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പോളിസികൾ വിതരണം ചെയ്യുന്നതിനായുള്ള കമ്മീഷൻ ഈ പോർട്ടലിൽ ആവശ്യമില്ലാത്തതിനാൽ ഇൻഷുറൻസ് ഉത്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. ഇൻഷുറൻസ് കമ്പനികളുടെ നിലവിലുള്ള സാങ്കേതികവിദ്യകൾ ഈ പോർട്ടലുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.വിതരണ ചെലവ് കുറയുംബീമ സുഗം പോർട്ടൽ നിലവിൽ വരുന്നതോടെ ഇൻഷുറൻസ് വിപണിയിൽ വലിയ തോതിലുള്ള ചെലവ് കുറയ്ക്കൽ സാധ്യമാകുമെന്ന് ഐ.ആർ.ഡി.എ.ഐ. വിലയിരുത്തുന്നു. സാധാരണഗതിയിൽ ഇൻഷുറൻസ് പോളിസികളുടെ വിതരണത്തിന് വൻതുക കമ്മീഷനായി ചെലവാകാറുണ്ട്. എന്നാൽ ബീമ സുഗമിലൂടെയുള്ള നേരിട്ടുള്ള വിതരണം അധിക ബാധ്യത ഒഴിവാക്കും. ഇതുവഴി മികച്ച ഇൻഷുറൻസ് ഉത്പന്നങ്ങൾ കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാക്കാൻ കമ്പനികൾക്ക് കഴിയും. ഇൻഷുറൻസ് പോളിസികൾ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും സാങ്കേതിക സംവിധാനങ്ങൾ ഒരൊറ്റ പോർട്ടലിലേക്ക് സമന്വയിപ്പിക്കുന്നത് സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ സഹായിക്കും.വിദേശ നിക്ഷേപവും പുതിയ കമ്പനികളുംഇൻഷുറൻസ് മേഖലയിൽ നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ.) അനുവദിച്ച സർക്കാർ തീരുമാനം വിപണിയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കും.
ജനറൽ ഇൻഷുറൻസ് മേഖലയിൽ പുതിയ രണ്ട് കമ്പനികൾക്ക് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. നിലവിൽ കമ്പനികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വിദേശ കമ്പനികൾ രാജ്യത്തെ ഇൻഷുറൻസ് വിപണിയിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നിലവിൽ ഒരു ലൈഫ് ഇൻഷുറൻസ് കമ്പനി കൂടി പ്രവർത്തനാനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്.വളർച്ചാ സാധ്യതഇൻഷുറൻസ് മേഖല പത്ത് വർഷത്തിനിടയിൽ ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. കണക്കുകൾ പ്രകാരം ലൈഫ് ഇൻഷുറൻസ് മേഖലയിൽ പത്ത് വർഷത്തിനിടെ 2.5 മടങ്ങ് വളർച്ചയുണ്ടായി. ഇതേ കാലയളവിൽ ജനറൽ ഇൻഷുറൻസ് രംഗം 3.5 ശതമാനവും വളർച്ച രേഖപ്പെടുത്തി. ഈ സാധ്യതകൾ മനസിലാക്കിയാണ് വിദേശ നിക്ഷേപകർ താത്പര്യം പ്രകടിപ്പിക്കുന്നത്. ബീമ സുഗം പോർട്ടൽ യാഥാർത്ഥ്യമാകുന്നതോടെ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ ലഭ്യതയും ജനകീയതയും കൂടും. വിപണിയുടെ വളർച്ചക്ക് അത് സഹായകവുമാകും.