ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ വികസന കുതിപ്പിന് കരുത്ത് പകരാൻ സാധിക്കുന്ന ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി 2028ല്‍ പൂർത്തിയാകുമെന്ന് കെ – റൈഡ്.2028 ഡിസംബറോടെ ബെംഗളൂരു സബർബൻ റെയില്‍ പ്രവർത്തനം ആരംഭിക്കുമെന്ന് കെ – റൈഡ് എംഡി പറഞ്ഞു.2028 ഡിസംബറോടെ ബെംഗളൂരു സബർബൻ റെയില്‍ സർവീസുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. അപ്പോഴേക്കും മുഴുവൻ കോറിഡോർ 2 ഉം പ്രവർത്തനക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. അത് സാധ്യമല്ലെങ്കില്‍ ചിക്കബനവര – യശ്വന്ത്പൂർ കോറിഡോർ കമ്മീഷൻ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഘട്ടം ഘട്ടമായി കമ്മീഷൻ ചെയ്യുന്നതിനായി കോറിഡോർ 2നെ മൂന്ന് നിർമാണ പാക്കേജുകളായി തിരിച്ചിരിക്കുകയാണ്. ചിക്കബനവര – യശ്വന്ത്പൂർ മുൻഗണനാ വിഭാഗം ആദ്യം പൂർത്തിയായാല്‍ ആ പാതയില്‍ സർവീസുകള്‍ ആരംഭിക്കാനാകും.
ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി ബെംഗളൂരു മെട്രോ, ഇന്ത്യൻ റെയില്‍വേ, ബിഎംടിസി സേവനങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന പ്രധാന മള്‍ട്ടിമോഡല്‍ ഹബ്ബായി യശ്വന്ത്പൂർ പ്രവർത്തിക്കും. ബെംഗളൂരു നഗരത്തിന്റെ അവികസിത ഭാഗങ്ങളിലൂടെ കടന്നുപോകുന്ന നിലവിലുള്ള റെയില്‍വേ ഇടനാഴികളിലൂടെയാണ് സബർബൻ റെയില്‍ ഓടുക. ഈ സാഹചര്യം ഗതാഗതാധിഷ്ഠിത വികസനം, മള്‍ട്ടിമോഡല്‍ ഹബ്ബുകള്‍, പുതിയ ഇടനാഴികള്‍ എന്നിവയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. ഇതോടെ ദീർഘകാലാടിസ്ഥാനത്തില്‍ ബെംഗളൂരു നഗരവികസനത്തെ സഹായിക്കും.ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി പ്രവർത്തനം പുരോഗമിക്കുകയാണ്. കോറിഡോർ 2 (ബൈപ്പനഹള്ളി – ചിക്കബനവാര), കോറിഡോർ 4 (ഹീലലിഗെ – രാജനുകുന്തെ) എന്നിവയുടെ പ്രധാന അലൈൻമെന്റുകള്‍ക്കും സ്റ്റേഷനുകള്‍ക്കുമുള്ള ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയായി. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രധാനമായും ഫ്ലൈ ഓവറുകളുമായും റെയില്‍ ഓവർബ്രിഡ്ജുകളുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്.
46 കിലോമീറ്റർ ദൈർഘ്യമുള്ള കോറിഡോർ 4ന് നാല് സിവില്‍ പാക്കേജുകളില്‍ രണ്ടെണ്ണം ടെൻഡർ ചെയ്തു. ശേഷിക്കുന്ന രണ്ടെണ്ണം അടുത്ത മാസം ആരംഭിക്കും.27 കിലോമീറ്റർ ദൈർഘ്യമുള്ള കോറിഡോർ 2ന് മൂന്ന് സിവില്‍ പാക്കേജുകളില്‍ രണ്ടെണ്ണം അനുവദിച്ചു. മൂന്നാമത്തെ പാക്കേജ് റീ ടെൻഡർ ചെയ്തിട്ടുണ്ട്. ജൂലൈ ആദ്യം കരാർ നടപടികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് കോറിഡോറുകളിലെയും എല്ലാ സ്റ്റേഷനുകളിലും നിർമാണം ആരംഭിച്ചു.കോറിഡോറുകള്‍ 1 ഉം 3 ഉം എന്താണ്?കോറിഡോർ 1 (കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി കെഎസ്‌ആർ ബെംഗളൂരുവിനെ ദേവനഹള്ളിയുമായി ബന്ധിപ്പിക്കുന്ന 41. കിലോമീറ്റർ സാമ്പിജ് ലൈൻ), കോറിഡോർ 3 (കെഎസ്‌ആർ ബെംഗളൂരു വഴി കെങ്കേരിയെയും വൈറ്റ്ഫീല്‍ഡിനെയും ബന്ധിപ്പിക്കുന്ന 35.5 കിലോമീറ്റർ പാരിജാത ലൈൻ) എന്നിവയ്ക്കുള്ള അലൈൻമെന്റുകള്‍ ഇന്ത്യൻ റെയില്‍വേ അംഗീകരിച്ചു.
കൃത്യമായ ഭൂമി ആവശ്യകതയും സർവേ നമ്പറുകളും തിരിച്ചറിയുന്നതിനായി ഇപ്പോള്‍ സംയുക്ത അളവുകള്‍ നടക്കുകയാണ്.ഈ നടപടികള്‍ പൂർത്തിയായിക്കഴിഞ്ഞാല്‍ കർണാടക ഇൻഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡ് (കെഐഎഡിബി) നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കും. നിയമപരമായ വിജ്ഞാപന പ്രക്രിയയ്ക്ക് ഏകദേശം ഒരു വർഷമെടുക്കുന്നതിനാല്‍ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ആവശ്യമായ ഭൂമിയുടെ ഭൂരിഭാഗവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ – റൈഡ് എംഡി പറഞ്ഞു.2026ല്‍ പൂർത്തിയാകേണ്ട പദ്ധതിബെംഗളൂരുവിന്റെ ദീർഘകാലമായി മുടങ്ങിക്കിടന്ന സബർബൻ റെയില്‍ പദ്ധതി ആദ്യം നിർദേശിക്കപ്പെട്ടത് 1983ലാണ്. 2020ല്‍ കേന്ദ്രത്തിന്റെ അംഗീകാരം പദ്ധതിക്ക് ലഭിച്ചു. 2022 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടു. 148 കിലോമീറ്റർ ശൃംഖലയില്‍ നാല് ഇടനാഴികള്‍ ഉള്‍പ്പെടുന്നു. 2026 ഓടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇതുവരെ ഒരു ഇടനാഴി പോലും പ്രവർത്തനക്ഷമമായിട്ടില്ല.