ബെംഗളൂരുവില്‍ നിർമിക്കാൻ ഒരുങ്ങുന്ന 5.2 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കൊറിഡോർ പദ്ധതിക്കായി സ്വത്ത് നികുതി വർധിപ്പിക്കുമെന്ന തരത്തില്‍ പുറത്തുവന്ന വാർത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്മൈല്‍).പദ്ധതിക്കായി അധിക സ്വത്ത് നികുതി ഈടാക്കില്ലെന്നും 1,300 കോടി രൂപ ചെലവ് വരുന്ന പദ്ധതി സംസ്ഥാന സർക്കാർ ഫണ്ടുപയോഗിച്ചാണ് നടപ്പാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.ഓള്‍ഡ് മദ്രാസ് റോഡിനെയും ഹൊസൂർ റോഡിനെയും ഇന്ദിരാനഗർ വഴി ബന്ധിപ്പിക്കുന്ന 5.2 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കൊറിഡോറിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ടില്‍ (ഡിപിആർ) സ്വത്ത് നികുതിയിലൂടെ പദ്ധതിച്ചെലവിന്റെ ഒരു ഭാഗം കണ്ടെത്താമെന്ന നിർദേശം ഉള്പ്പെട്ടിരുന്നതോടെയാണ് വിവാദം ഉയർന്നത്.
പദ്ധതിക്ക് വാല്യു ക്യാപ്ചർ ഫിനാൻസിങ് (വിസിഎഫ്) മാതൃക ഉപയോഗിക്കില്ലെന്ന് ബി-സ്മൈല്‍ ടെക്നിക്കല്‍ ഡയറക്ടർ ബി എസ് പ്രഹ്ലാദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അടിസ്ഥാന സൗകര്യ വികസനം മൂലം ഒരു പ്രദേശത്തെ ഭൂമിയുടെയും കെട്ടിടങ്ങളുടെയും മൂല്യം ഉയരുമ്പോള്‍ അതിന്റെ ഒരു വിഹിതം തിരിച്ചുപിടിക്കുന്ന ആശയമാണ് വി സി എഫ്. എന്നാല്‍ ഈ എലിവേറ്റഡ് കൊറിഡോർ പദ്ധതിക്ക് ആ രീതി ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഡി പി ആറിലെ ‘ഇംപ്ലിമെന്റേഷൻ അപ്രോച്ച്’ എന്ന ഭാഗത്ത് മറ്റൊരു നിർദേശമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബി ബി എം പി) ഈടാക്കുന്ന വാർഷിക സ്വത്ത് നികുതിയില്‍ ചെറിയൊരു അധിക നികുതി ഉള്‍പ്പെടുത്താമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. എലിവേറ്റഡ് കൊറിഡോർ യാഥാർഥ്യമാകുന്നതോടെ സമീപ പ്രദേശങ്ങളിലെ സ്വത്തുക്കളുടെ മൂല്യം ഉയരുമെന്നും, ആ മൂല്യവർധനയുടെ ചെറിയൊരു ഭാഗം അധിക നികുതിയായി സമാഹരിച്ച് പദ്ധതിയുടെ ചെലവ് തിരിച്ചുപിടിക്കാമെന്നുമാണ് നിർദേശം.
ഈ അധിക തുക അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതി വായ്പ തിരിച്ചടയ്ക്കാനുമാണെന്ന് ജനങ്ങളോട് വ്യക്തമായി വിശദീകരിച്ചാല്‍ പൊതുജനങ്ങളുടെ വിശ്വാസവും പിന്തുണയും നേടാനാകുമെന്നും ഡിപിആറില്‍ പരാമർശിക്കുന്നുണ്ട്. ഡിപിആറിലെ ഈ നിർദേശങ്ങളാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതെന്ന് പ്രഹ്ലാദ് വിശദീകരിച്ചു. റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ഉദാഹരണമായി ചേർത്ത ആശയങ്ങള്‍ മാത്രമാണെന്നും അവയ്ക്ക് നിയമപരമായ പ്രാബല്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നിലവില്‍ ചർച്ചയിലുള്ള വി സി എഫ് കരട് നിർദേശങ്ങള്‍ സ്വത്ത് നികുതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും, വാർഷിക സ്വത്ത് നികുതി വർധിപ്പിക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.