Home കർണാടക ബെംഗളൂരു ഉയരപ്പാതയ്ക്കടുത്ത് താമസിക്കുന്നവര്‍ കൂടുതല്‍ നികുതി കൊടുക്കേണ്ടി വരുമോ? രാഷ്ട്രീയപ്പോരിനിടെ വിശദീകരണവുമായി ബി-സ്മൈല്‍

ബെംഗളൂരു ഉയരപ്പാതയ്ക്കടുത്ത് താമസിക്കുന്നവര്‍ കൂടുതല്‍ നികുതി കൊടുക്കേണ്ടി വരുമോ? രാഷ്ട്രീയപ്പോരിനിടെ വിശദീകരണവുമായി ബി-സ്മൈല്‍

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്ക് അഴിക്കാനായി വിഭാവനം ചെയ്ത പുതിയ എലിവേറ്റഡ് കോറിഡോർ പദ്ധതിക്കു വേണ്ടി നികുതി വർധിപ്പിച്ച്‌ ധനസമാഹരണം നടത്തണമെന്ന നിർദ്ദേശത്തിന്മേല്‍ രാഷ്ട്രീയ വിവാദം പുകയുന്നു.എസ്‌വി റോഡ് മെട്രോ സ്റ്റേഷൻ മുതല്‍ സില്‍ക്ക് ബോർഡ് വരെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 11 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോറിന്റെ നിർമാണച്ചെലവ് കണ്ടെത്താനായി പ്രദേശത്തെ വസ്തു നികുതി വർദ്ധിപ്പിക്കാമെന്ന ഡിപിആർ നിർദ്ദേശം പുറത്തുവന്നതാണ് പുതിയ തർക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിലാണ് ഈ നികുതി നിർദ്ദേശമുള്ളത്. ഏകദേശം 1,300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ഉയരപ്പാത പദ്ധതിയില്‍ ടോള്‍ പിരിവ് പ്രായോഗികമല്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇക്കാരണത്താല്‍ ഫണ്ട് കണ്ടെത്താനുള്ള ബദല്‍ മാർഗങ്ങളും റിപ്പോർ‌ട്ട് നിർദ്ദേശിക്കുന്നുണ്ട്. ഇതിലാണ് നികുതിനിർദ്ദേശമുള്ളത്. ഉയരപ്പാതയ്ക്ക് സമീപം താമസിക്കുന്നവർക്ക് യാത്രാസൗകര്യങ്ങള്‍ കൂടുമെന്നതിനാല്‍ അവർ കൂടുതല്‍ നികുതി അടയ്ക്കുന്നതില്‍ തെറ്റില്ലെന്നും റിപ്പോർട്ട് അനുമാനിക്കുന്നു. ഉയരപ്പാത വരുന്നതോടെ ഇന്ദിരാനഗർ, ദൊംലൂർ, കോരമംഗല, മടിവാള തുടങ്ങിയ പ്രദേശങ്ങളിലെ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിപണി മൂല്യം വർദ്ധിക്കും. ഈ മൂല്യവർദ്ധനവിന്റെ ഒരു പങ്ക് ‘അധിക വസ്‌തു നികുതി’യായി ഈടാക്കി പദ്ധതിച്ചെലവ് കണ്ടെത്താമെന്നാണ് ഡിപിആറിലെ ശുപാർശ. വാല്യു ക്യാപ്ചർ ഫിനാൻസിങ് പല നഗരങ്ങളിലും ഉപയോഗിച്ച്‌ വിജയിച്ചിട്ടുള്ളതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഈ പാതയില്‍ ടോള്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന പ്രശ്നമുണ്ട്. റോഡിന്റെ പല ഭാഗങ്ങളും നിലവിലുള്ള റോഡുകളുമായും മറ്റ് ഫ്ലൈഓവറുകളുമായും കണക്‌ട് ചെയ്യപ്പെട്ട് കിടക്കുകയാണ്. ഈ നിർദ്ദേശം പുറത്തുവന്നതോടെ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷമായ ബിജെപി കടുത്ത വിമർശനവുമായി രംഗത്തെത്തി.

ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാതെ ജനങ്ങളുടെ മേല്‍ അനാവശ്യ നികുതിഭാരം അടിച്ചേല്‍പ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.അതേസമയം, പ്രമുഖ വാണിജ്യ കേന്ദ്രമായ 100 ഫീറ്റ് റോഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വ്യാപാരികളും താമസക്കാരും ഇതില്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാതവും വൻതോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ നികുതിഭീഷണിയും വന്നിരിക്കുന്നത്.വിവാദം കൊഴുത്തതോടെ വിശദീകരണവുമായി ബി-സ്മൈല്‍ (B-SMILE) സാങ്കേതിക വിഭാഗം ഡയറക്ടർ ബിഎസ് പ്രഹ്ലാദ് രംഗത്തെത്തി. മാധ്യമ വാർത്തകള്‍ തെറ്റാണെന്നും വസ്‌തു നികുതി വർദ്ധിപ്പിക്കാൻ നിലവില്‍ തീരുമാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിപിആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വെറും ഉദാഹരണങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് നിലവില്‍ നിയമപരമായ പ്രാബല്യമില്ല. ഈ പദ്ധതികള്‍ പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചായിരിക്കും നടപ്പിലാക്കുക. നികുതി വർദ്ധനവിനെക്കുറിച്ച്‌ നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രഹ്ലാദ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group