ബെംഗളൂരു: കാവേരി നദിക്കരയില്‍ ഫോട്ടോ എടുക്കുന്നതിനിടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു.കർണാടകയിലെ മണ്ഡ്യ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിലാണ് ദുരന്തമുണ്ടായത്. ബെംഗളൂരു സ്വദേശികളായ കുടുംബം ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് പ്രദേശത്ത് എത്തിയത്.മുത്തത്തി ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദർശനം നടത്തിയ ശേഷമാണ് ഇവർ കാവേരി നദീതീരത്തെത്തിയത്. മരിച്ചവരില്‍ നാല് പേർ ഒരേ കുടുംബാംഗങ്ങളാണ്. ഫോട്ടോ എടുക്കുന്നതിനിടെ മരിച്ചവരില്‍ ഒരാള്‍ ആഴമുള്ള ഭാഗത്തേക്ക് വഴുതി വീണതായാണ് പ്രാഥമിക വിവരം.തുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റുള്ളവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.ഇവർക്കൊപ്പമുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. പൊലീസ്, അഗ്നിരക്ഷാസേന, പ്രാദേശിക രക്ഷാപ്രവർത്തകർ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.