ബെംഗളൂരു: ഫൈവ് സ്റ്റാർ ഹോട്ടലില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്.നാഗവാര സ്വദേശി എസ്.ജി. ഇമ്രാൻ (40) ആണ് പത്തും അഞ്ചും വയസ്സുള്ള പെണ്‍മക്കളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഗുരുതരമായി പരിക്കേറ്റ ഇമ്രാനെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും ഗുരുതരമാണ്.കുട്ടികളെ കിടക്കയില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്. സമീപത്തെ ശുചിമുറിയില്‍ കഴുത്ത് മുറിഞ്ഞ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇമ്രാനെ കണ്ടെത്തിയപ്പോള്‍. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഇമ്രാന്റെ സമീപത്തുനിന്ന് രക്തം പുരണ്ട കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.താൻ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഇമ്രാൻ പൊലീസിനോട് സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന കാരണമാണോ യഥാർഥ കൊലപാതകകാരണമെന്നും, സംഭവത്തിലേക്ക് നയിച്ച കുടുംബപ്രശ്നങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്.കുടുംബാംഗങ്ങളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി.കെ. മിഥുൻ കുമാർ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.