തൃശൂര്‍: ചാലക്കുടി സമ്പാളൂരില്‍ ആളുകളെ ആശങ്കയില്‍ ആഴ്ത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പള്ളിയുടെ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ചേര്‍ത്തല സ്വദേശിയായ യുവാവിനെ, പള്ളി വികാരി ഫാ.ജോണ്‍സണ്‍ സമീപിച്ച് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. വാട്ടര്‍ടാങ്കിന് മുകളില്‍ കയറിയ യുവാവിനെ കണ്ടതോടെ നാട്ടുകാരും വിശ്വാസികളും സ്ഥലത്ത് തടിച്ചുകൂടി. വിവരമറിഞ്ഞെത്തിയ പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ രൂപതാ യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്ന വികാരി ഫാ. ജോണ്‍സണ്‍ പങ്കേത്ത് വിവരം അറിഞ്ഞ് ഉടന്‍ പള്ളിയിലേക്ക് മടങ്ങി. പിന്നീട് ടെറസിന് മുകളിലെത്തി യുവാവുമായി സംസാരിച്ചു. ആദ്യം വഴങ്ങാതിരുന്ന യുവാവ്, വികാരിയുടെ സമാധാനിപ്പിക്കുന്ന വാക്കുകള്‍ക്ക് ഒടുവില്‍ മനസ്സുമാറ്റി.മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് ശേഷം വികാരിയുടെ കൈപിടിച്ച് യുവാവ് സുരക്ഷിതമായി താഴെയിറങ്ങി. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല സ്വദേശി പ്രിന്‍സ് (42) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ സ്ഥലത്തെത്തിയ സാഹചര്യം വ്യക്തമല്ല.