Home കർണാടക ബെംഗളൂരു എംഎആര്‍ റോഡില്‍ വിള്ളല്‍; ഉദ്‌ഘാടനത്തിന് നാല് ദിവസം മാത്രം ബാക്കി, യാത്രക്കാര്‍ ആശങ്കയില്‍

ബെംഗളൂരു എംഎആര്‍ റോഡില്‍ വിള്ളല്‍; ഉദ്‌ഘാടനത്തിന് നാല് ദിവസം മാത്രം ബാക്കി, യാത്രക്കാര്‍ ആശങ്കയില്‍

by ടാർസ്യുസ്

ബെംഗളൂരു: ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) നിർമ്മിച്ച മേജർ ആർട്ടീരിയല്‍ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടത് ആശങ്കയാവുന്നു.ജൂണ്‍ 27-ന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന 10.7 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലാണ് ഏകദേശം 20 മീറ്റർ ഭാഗത്ത് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. മഗഡി റോഡിലെ കടബഗെരെ ക്രോസിനെയും മൈസൂരു റോഡിനെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന പാത ബിഡിഎയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഉദ്ഘാടനം ചെയ്യുന്നത്.ഇതോടനുബന്ധിച്ച്‌ 15 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമിടാൻ അധികൃതർ തീരുമാനിച്ചിരുന്നു. കടബഗെരെയ്ക്ക് സമീപമാണ് റോഡിന്റെ ഒരു ഭാഗത്ത് മുകളിലെ താർ ഇളകിയ നിലയിലും ഉപരിതലത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായും കണ്ടെത്തിയത്.

തുടർന്ന് പ്രശ്‌നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ റോഡില്‍ ഉദ്യോഗസ്ഥൻ ഉടനടി തന്നെ അറ്റകുറ്റ പണികളും ആരംഭിച്ചിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉദ്ഘാടനം പോലും നടക്കുന്നതിന് മുമ്പ് റോഡിന് കേടുപാടുകള്‍ സംഭവിച്ചതിനെ ചൂണ്ടിക്കാട്ടി ബിഡിഎക്കെതിരെ വ്യാപക വിമർശനവും പരിഹാസവുമാണ് ഉയർന്നുവരുന്നത്. റോഡിന്റെ നിർമ്മാണ നിലവാരത്തെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെ കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.അതേസമയം, കനത്ത മഴയും മഴവെള്ളത്തിന്റെ ശക്തമായ ഒഴുക്കുമാണ് റോഡിന് കേടുപാടുകള്‍ സംഭവിക്കാൻ കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക വിശദീകരണം. പാത തുറന്നുകൊടുത്താല്‍ തുംകൂരു, കുനിഗല്‍ ഭാഗങ്ങളില്‍ നിന്ന് മൈസൂരു റോഡിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.ഇതുവഴി ബെംഗളൂരുവിന്റെ നഗരപ്രാന്തങ്ങളിലും പ്രത്യേകിച്ച്‌ വടക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ പെട്ടന്നുണ്ടായ ഈ റോഡ് തകർച്ചയില്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേരും ആശങ്കയിലാണ്. റോഡ് തുറന്നുകൊടുക്കുക പോലും ചെയ്യാതെ ഇത്തരത്തില്‍ തകർച്ച ഉണ്ടായെങ്കില്‍ ഭാവിയില്‍ റോഡിലെ യാത്ര ദുസ്സഹമാവുമോ എന്നാണ് ഉയരുന്ന ചോദ്യം.മേജർ ആള്‍ട്ടീരിയല്‍ റോഡ് (എംഎആർ റോഡ്)ആറുവരി പാതയായി വികസിപ്പിച്ചിരിക്കുന്ന ഈ റോഡ് നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ പ്രധാന ഗതാഗത ഇടനാഴിയായി മാറുമെന്നാണ് പ്രതീക്ഷ. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ മഗഡി റോഡ്, മൈസൂരു റോഡ്, കെങ്കേരി, രാജരാജേശ്വരി നഗർ എന്നിവിടങ്ങള്‍ക്കിടയിലെ യാത്ര വളരെ എളുപ്പമാകും. നിലവില്‍ 60 മുതല്‍ 90 മിനിറ്റ് വരെ എടുക്കുന്ന യാത്ര ഈ പുതിയ റോഡ് വഴി ഏകദേശം 8 മുതല്‍ 10 മിനിറ്റിനുള്ളില്‍ പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തല്‍.ഇതിന് പുറമേ ടോള്‍ നല്‍കേണ്ട നൈസ് റോഡിന് പകരമായി സൗജന്യ ബദല്‍ മാർഗമായും ഈ റോഡ് ഉപയോഗിക്കാനാകും. നാദപ്രഭു കെംപെഗൗഡ ലേഔട്ടിന് മികച്ച കണക്റ്റിവിറ്റി നല്‍കുന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഭാവിയില്‍ പെരിഫറല്‍ റിങ് റോഡ്, നമ്മ മെട്രോ ഫേസ് 3എ എന്നിവയുമായി ഈ റോഡിനെ ബന്ധിപ്പിക്കാനുള്ള പദ്ധതികളും പരിഗണനയിലുണ്ട്. അതിനിടയിലാണ് നിനച്ചിരിക്കാതെ റോഡിന്റെ വിള്ളല്‍ വാർത്തകള്‍ പുറത്തുവരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group