ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയില്‍ കെഎസ്‌ആർടിസി ബസ് നിരക്കുകള്‍ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ.എന്നാല്‍, പൊതുജനങ്ങളുടെ താത്പര്യങ്ങള്‍ മുൻനിർത്തി മാത്രമായിരിക്കും ഇതില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വകാര്യ ഡിപ്പോകളും കോർപ്പറേഷൻ ഡിപ്പോകളും തമ്മിലുള്ള ഡീസല്‍ വിലയിലെ വ്യത്യാസം ഏകദേശം 40 രൂപയോളമാണ്.
ഇത് ഞെട്ടിക്കുന്ന കണക്കാണ്. ഡീസല്‍ വില വർദ്ധിച്ചാല്‍ ടിക്കറ്റ് നിരക്കും വർദ്ധിപ്പിക്കണമെന്ന് മുൻപ് തന്നെ തീരുമാനിച്ചിട്ടുള്ളതാണ്.നിലവിലെ സാഹചര്യത്തില്‍ ഇത് വീണ്ടും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഡി കെ ശിവകുമാർ പറഞ്ഞു.സ്ത്രീകള്‍ക്ക് സർക്കാർ സബ്‌സിഡിയോടു കൂടിയ സൗജന്യ യാത്ര നല്‍കുന്ന ‘ശക്തി’ പദ്ധതിയും, ഒപ്പം ആണ്‍കുട്ടികളായ വിദ്യാർത്ഥികള്‍ക്ക് ബസ് പാസുകളിലൂടെ സൗജന്യ യാത്ര നല്‍കുമെന്ന പ്രഖ്യാപനവും നിലനില്‍ക്കെ, ഇന്ധനവില വർദ്ധനവ് കർണാടക സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന് മേല്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കെഎസ്‌ആർടിസിയും നിലനിന്നുപോകേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ധനം ലാഭിക്കുന്നതിനായി പൊതുഗതാഗതം ഉപയോഗിക്കാൻ പ്രധാനമന്ത്രി തന്നെ നിർദ്ദേശിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജനുവരിയിലും, സൗജന്യ യാത്രാ പദ്ധതിയെത്തുടർന്നുണ്ടായ പ്രവർത്തനച്ചെലവ് മറികടക്കാൻ സർക്കാർ ബസ് നിരക്കില്‍ 15 ശതമാനം വർദ്ധനവ് വരുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ടിക്കറ്റ് നിരക്ക് പുതുക്കാതിരുന്നതും, പ്രതിദിന ഡീസല്‍ ചെലവ് 9.16 കോടി രൂപയില്‍ നിന്ന് 13.21 കോടി രൂപയായി ഉയർന്നതും, ജീവനക്കാരുടെ ശമ്പള പരിഷ്കരണവും അന്ന് നിരക്ക് വർദ്ധനയ്ക്കുള്ള കാരണങ്ങളായി സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. 15 ശതമാനം വർദ്ധിപ്പിച്ചിട്ടും ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിലെ ബസ് നിരക്ക് കുറവാണെന്നായിരുന്നു ഗതാഗത മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. 2023 ജൂണ്‍ 11-ന് ആരംഭിച്ച ശക്തി പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാർ 8,800 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.