തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ ജൂലൈ മാസത്തേക്കും ദീർഘിപ്പിച്ച് ദക്ഷിണ റെയില്‍വേ.യാത്രക്കാരുടെ വർധിച്ച ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു റൂട്ടില്‍ നിലവില്‍ സർവീസ് നടത്തുന്ന മൂന്ന് ജോഡി സ്പെഷ്യല്‍ ട്രെയിനുകളാണ് ജൂലൈ മാസത്തേക്കും തുടരുക.06523/06524, 06547/06548, 06555/06556 എന്നീ സ്പെഷ്യല്‍ ട്രെയിനുകള്‍ക്കാണ് ദീർഘിപ്പിച്ച സർവീസിന് അനുമതി ലഭിച്ചിരിക്കുന്നത്. റിസർവേഷൻ നടപടികള്‍ ഉടൻ ആരംഭിക്കുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.എല്ലാ തിങ്കളാഴ്ചകളിലും സർവീസ് നടത്തുന്ന 06523 ട്രെയിൻ വൈകീട്ട് 7.25ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം നോർത്തില്‍ എത്തും. തിരിച്ചുള്ള 06524 ട്രെയിൻ എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരം നോർത്തില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ബെംഗളൂരുവിലെത്തും.
06547 ട്രെയിൻ എല്ലാ ബുധനാഴ്ചയും വൈകീട്ട് 7.25ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം നോർത്തില്‍ എത്തും. തിരിച്ചുള്ള 06548 ട്രെയിൻ എല്ലാ വ്യാഴാഴ്ചയും ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ബെംഗളൂരുവിലെത്തും.വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തുന്ന 06555 ട്രെയിൻ രാത്രി 10 മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം നോർത്തില്‍ എത്തും. തിരിച്ചുള്ള 06556 ട്രെയിൻ എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് 2.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.15ന് ബെംഗളൂരുവില്‍ എത്തിച്ചേരും.ജൂലൈ മാസത്തിലെ അവധിക്കാലവും യാത്രക്കാരുടെ വർധിച്ച ആവശ്യകതയും കണക്കിലെടുത്ത് സ്പെഷ്യല്‍ സർവീസുകള്‍ തുടരാനുള്ള തീരുമാനം നിരവധി യാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.