Home കർണാടക കടിച്ച ആപ്പിള്‍ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡികെ, ചാടിപ്പിടിച്ച്‌ അനുയായികള്‍; വിമര്‍ശനം

കടിച്ച ആപ്പിള്‍ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡികെ, ചാടിപ്പിടിച്ച്‌ അനുയായികള്‍; വിമര്‍ശനം

ബെംഗളൂരു: കടിച്ച ആപ്പിള്‍ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞു നല്‍കുന്ന കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.കനകപുരയില്‍ നടന്ന പൊതുപരിപാടിയിലാണ് കടിച്ച ആപ്പിളിൻ്റെ ബാക്കി ഭാഗം മുഖ്യമന്ത്രി അനുയായികള്‍ക്കിടയിലേക്ക് എറിഞ്ഞത്. ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.കനകപുരയിലെ ഹൊരഹള്ളിയില്‍ അനുയായികള്‍ ശിവകുമാറിന് വൻ സ്വീകരണം ഒരുക്കിയതിനിടെ ആണ് സംഭവം. ആപ്പിളും പൂക്കളും കൊണ്ട് തയ്യാറാക്കിയ വലിയ ഹാരം അണിയിച്ചതിന് പിന്നാലെയാണ് ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി. ഹാരത്തില്‍നിന്ന് ആപ്പിള്‍ അടർത്തിയെടുത്ത ശിവകുമാർ, ഒന്ന് കടിച്ച ശേഷം ആപ്പിളിൻ്റെ ബാക്കി ഭാഗം അനുയായികള്‍ക്കിടയിലേക്ക് വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം. ഇത് ചാടിപ്പിടിക്കാൻ ആളുകള്‍ കൈ ഉയർത്തിനില്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്.വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താൻ ഒരു ദൈവമാണെന്നാണ് ഡി കെ ശിവകുമാർ വിചാരിച്ചിരിക്കുന്നതെന്ന് ഒരാള്‍ എക്സിലൂടെ വിമർശിച്ചു. ഇത് എത്ര വൃത്തികെട്ട പെരുമാറ്റമാണെന്ന് മറ്റൊരാള്‍ ചോദിച്ചു.

രാജാവും അടിമകളും എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. വളരെ പരിതാപകരമെന്നും ഇതെന്തു പെരുമാറ്റമാണെന്നും മറ്റൊരാള്‍ ചോദിച്ചു.മാസങ്ങള്‍ നീണ്ട അധികാര വടംവലിക്കൊടുവില്‍ സിദ്ധരാമയ്യ വഴിമാറിയതോടെ ആണ് ഡി കെ ശിവകുമാർ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയത്. ജൂണ്‍ മൂന്നിനാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും അധികാരമേറ്റു. അതേസമയം വകുപ്പ് വിഭജനം സംബന്ധിച്ച പ്രശ്നങ്ങള്‍ മന്ത്രിസഭയില്‍ തുടരുന്നുവെന്ന സൂചനയുണ്ട്. നേരത്തെ വകുപ്പിനെ ചൊല്ലി മന്ത്രി രാമലിംഗ റെഡ്ഡി പൊട്ടിത്തെറിച്ചിരുന്നെങ്കിലും ശിവകുമാർ അനുനയിപ്പിച്ചിരുന്നു. മന്ത്രി കൃഷ്ണ ബൈര ഗൗഡ തനിക്ക് ലഭിച്ച ബെംഗളൂരു വികസന വകുപ്പ് ഏറ്റെടുക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group