ബെംഗളൂരു: കർണാടക കോണ്‍ഗ്രസിനെ പിടിച്ചുലച്ച ആഭ്യന്തര പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി ഹൈക്കമാൻഡ്. വിമതസ്വരം ഉയർത്തുന്നവരുമായി പരമാവധി ചർച്ച നടത്തി അനുനയത്തിന് ശ്രമിക്കാനും, അതിന് വഴങ്ങാത്തവരുണ്ടെങ്കില്‍ രാജി സ്വീകരിച്ച് മുന്നോട്ടുപോകാനും രാഹുല്‍ ഗാന്ധി കർശന നിർദേശം നല്‍കി.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്കാണ് ഹൈക്കമാൻഡ് ഈ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സമ്മർദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന വ്യക്തമായ സന്ദേശമാണ് രാഹുല്‍ ഗാന്ധി ഇതിലൂടെ നല്‍കുന്നത്.സസ്പെൻസ് തുടരുന്ന ‘റെഡ്ഡി’ വിഷയംഅതിനിടെ, പരസ്യമായി രാജി ഭീഷണി മുഴക്കിയ മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സംസ്ഥാന നേതൃത്വം സജീവമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ റെഡ്ഡിയുമായി നേരിട്ട് ചർച്ച നടത്തി.ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കരുതെന്ന് ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ രാജി തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം റെഡ്ഡിയോടും അനുയായികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.വിട്ടുവീഴ്ചയ്ക്ക് തയ്യാറായി നേതൃത്വം?തുടക്കത്തില്‍ കർക്കശ നിലപാട് എടുത്തുവെങ്കിലും റെഡ്ഡി വഴങ്ങിയില്ലെങ്കില്‍ ബെംഗളൂരു നഗര വികസന വകുപ്പ് തന്നെ അദ്ദേഹത്തിന് നല്‍കി പ്രശ്നം പരിഹരിക്കാനും ആലോചനയുണ്ട്. റെഡ്ഡി ആവശ്യപ്പെട്ട പ്രധാന വകുപ്പുകളിലൊന്നാണിത്.ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡുമായി ഡി.കെ. ശിവകുമാർ ഉടൻ ചർച്ച നടത്തും. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ റെഡ്ഡിക്ക് ആവശ്യപ്പെട്ട വകുപ്പ് നല്‍കും. അതിന് സാധിക്കാത്ത പക്ഷം, തൃപ്തിപ്പെടുത്താൻ പോന്ന മറ്റൊരു സുപ്രധാന വകുപ്പ് നല്‍കി പ്രശ്നം തണുപ്പിക്കാനാണ് കർണാടക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. വരും മണിക്കൂറുകളില്‍ കർണാടക രാഷ്ട്രീയത്തില്‍ നിർണായക നീക്കങ്ങള്‍ പ്രതീക്ഷിക്കാം.