ബെംഗളൂരു: നഗരത്തിലെ കുതിച്ചുയരുന്ന വാടക നിരക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.നഗരത്തിലെ പ്രമുഖ റെസിഡൻഷ്യല്‍ മേഖലയായ ഇന്ദിരാനഗർ ഏരിയയില്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന ഒരു 2.5 ബിഎച്ച്‌കെ ഫ്ലാറ്റിന്റെ പരസ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ഫ്ലാറ്റിന്റെ ആഡംബര സൗകര്യങ്ങളേക്കാളും അതിന്റെ പ്രതിമാസ വാടകയായ 1.2 ലക്ഷമാണ് ആളുകളെ കൂടുതല്‍ അമ്പരപ്പിച്ചത്.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്‌റ്റില്‍, ഫ്ലാറ്റ് പൂർണമായും ഫർണിഷ് ചെയ്‌തതാണെന്നും വിശാലമായ ബാല്‍ക്കണിയും പാർക്കിംഗ് സൗകര്യവും ലഭ്യമാണെന്നും വ്യക്തമാക്കിയിരുന്നു. ഇന്ദിരാനഗറിലെ ടെൻത്ത് എ മെയിൻ റോഡിന് സമീപമുള്ള ഈ അപ്പാർട്ട്മെന്റ് കുടുംബങ്ങള്‍ക്കും ബാച്ചിലർമാർക്കും ഒരുപോലെ ലഭ്യമാണെന്നും പോസ്‌റ്റില്‍ പറയുന്നു.
‘ഇന്ദിരാനഗറില്‍, ടെൻത്ത് എ മെയിൻ റോഡിന് സമീപം, ബാല്‍ക്കണിയോടുകൂടിയ പൂർണമായും ഫർണിഷ് ചെയ്‌ത 2.5 ബിഎച്ച്‌കെ ഫ്ലാറ്റ് വാടകയ്ക്ക്. വാടക 1,20,000. ആറ് നില കെട്ടിടത്തിന്റെ ഒന്നാം നില. പാർക്കിംഗ് ലഭ്യമാണ്. കുടുംബങ്ങള്‍ക്കും ബാച്ചിലർമാർക്കും അനുയോജ്യം,” എന്നായിരുന്നു പോസ്‌റ്റിന്റെ ഉള്ളടക്കം. പിന്നീട് പോസ്‌റ്റ് പങ്കുവെച്ച വ്യക്തി, ഇത് തന്റെ വീടല്ലെന്നും വിശദീകരിച്ചു.പോസ്‌റ്റ് വൈറലായതോടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിലയെക്കുറിച്ച് ആശ്ചര്യവും വിമർശനവും രേഖപ്പെടുത്തി. “വാടകക്കാരെക്കാള്‍ സിഇഒമാരെയാണ് വീട്ടുടമ ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു” എന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. ‘ഈ വിലയ്ക്ക് ഒരു സ്വകാര്യ ടെറസും നഗരക്കാഴ്‌ചകളും ഉള്ള പെന്റ്ഹൗസ് പ്രതീക്ഷിച്ചിരുന്നു’ എന്ന് മറ്റൊരാള്‍ കുറിച്ചു. ‘ബെംഗളൂരുവിലെ വാടക ഇപ്പോള്‍ അന്താരാഷ്ട്ര നഗരങ്ങളുമായി മത്സരിക്കുകയാണ്’ എന്നായിരുന്നു മറ്റൊരു അഭിപ്രായം.ചിലർ തമാശയോടെയും പ്രതികരിച്ചു. ‘മാസം ₹1.2 ലക്ഷം കൊടുക്കുമ്പോള്‍ ഒരു സ്വകാര്യ ഷെഫും ഹൗസ് കീപ്പിംഗ് സേവനവും കൂടെ ലഭിക്കണം’ എന്നായിരുന്നു ഒരു കമന്റ്. വാടക ഇത്രയധികം ആയതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് പോസ്‌റ്റ് പങ്കുവെച്ച വ്യക്തി മറുപടി നല്‍കുകയും ചെയ്‌തു. ചിത്രങ്ങള്‍ ഈ വീടിന്റെ യഥാർത്ഥ ഭംഗി പൂർണമായി കാണിക്കുന്നില്ലെന്നും നേരിട്ട് സന്ദർശിച്ചാല്‍ മാത്രമേ അതിന്റെ പ്രത്യേകത മനസ്സിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
വീടിനുള്ളിലെയും പുറത്തെയും മനോഹരമായ പൂന്തോട്ടവും വിശാലമായ സ്ഥലവുമാണ് പ്രധാന ആകർഷണമെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം, ബെംഗളൂരുവിലെ വാടക വർധനവിനെതിരെ സാധാരണക്കാരുടെ ആശങ്കയും ശക്തമാകുകയാണ്. അടുത്തിടെ ഒരു യുവതി ഇൻസ്‌റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ നഗരത്തിലെ വാടക നിരക്കുകളെ വിമർശിച്ചിരുന്നു.ബെംഗളൂരുവിലെത്തുന്ന എല്ലാവരും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്നവരാണെന്നും കരുതി വീട്ടുടമകള്‍ വാടക നിശ്ചയിക്കുന്നത് യാഥാർത്ഥ്യബോധമില്ലാത്ത സമീപനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് ബെംഗളൂരു നഗരത്തില്‍ ഇത്തരം വാടക വീടുകളില്‍ കഴിയുന്നത്.
‘ബെംഗളൂരുവിലേക്ക് വരുന്ന എല്ലാവരും ഐടി മേഖലയിലുള്ളവരല്ല. ഓരോരുത്തരുടെയും ജോലിയും വരുമാനവും വ്യത്യസ്‌തമാണ്. എല്ലാവരും ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരല്ല എന്ന കാര്യം വീട്ടുടമകള്‍ മനസിലാക്കണം’ എന്നായിരുന്നു അവരുടെ പ്രതികരണം. ഐടി കമ്പനികളുടെ സാന്നിധ്യം, ഉയർന്ന ശമ്പളമുള്ള പ്രൊഫഷണലുകളുടെ വരവ്, മെട്രോ വികസനം, മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ കാരണം ബെംഗളൂരുവിലെ പ്രധാന പ്രദേശങ്ങളിലെ വാടക കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേഗത്തില്‍ ഉയരുകയാണ്.പ്രത്യേകിച്ച് ഇന്ദിരാനഗർ, കോറമംഗല, എച്ച്‌എസ്‌ആർ ലേഔട്ട്, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകളുടെ ആവശ്യകത കൂടുതലായതിനാല്‍ വാടക നിരക്കുകളും റെക്കോർഡ് ഉയരത്തിലാണ്. ഇത്തരം സംഭവങ്ങള്‍ നഗരത്തിലെ ഭവനവിപണിയെക്കുറിച്ചുള്ള വലിയ ചർച്ചകള്‍ക്ക് വഴിവെക്കുകയാണ്. ഇടത്തരം വരുമാനക്കാരായ ജീവനക്കാർക്കും വിദ്യാർത്ഥികള്‍ക്കും നഗരത്തില്‍ താമസിക്കുന്നത് കൂടുതല്‍ ചെലവേറിയതാകുന്നതായാണ് വിലയിരുത്തല്‍.