ബെംഗളൂരു: ഇന്ത്യ ഒരു ആഗോള സൂപ്പര്‍ പവറായി (മഹാശക്തിയായി) വളരാന്‍ പോവുകയാണെന്നും ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതി ഒരു ഭാവി നഗരമായി വികസിക്കുമെന്നും ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു.ബെംഗളൂരു കനകപുര റോഡിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാം വാര്‍ഷികവും സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷവും പ്രമാണിച്ചാണ് സത്സംഗം സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ശ്രീ ശ്രീ രവിശങ്കറില്‍ നിന്ന് അനുഗ്രഹം വാങ്ങി.’നാം ഇപ്പോള്‍ കൃത്രിമ ബുദ്ധിയുടെയും ആഗോള മത്സരത്തിന്റെയും യുഗത്തിലാണ് ജീവിക്കുന്നത്. ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അതിന്റെ പരകോടിയിലാണ്. യുദ്ധം കാരണം എണ്ണയടക്കമുള്ള അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് സാധാരണക്കാരെയും അവരുടെ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.
ഇന്നത്തെ യുവാക്കള്‍ക്ക് മാനവിക മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസം അത്യാവശ്യമാണ്.’ – ചന്ദ്രബാബു നായിഡു പറഞ്ഞു.ആത്മീയ ജ്ഞാനത്തോടെ സംയോജിത സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിന്റെ ഭാഗമായി ക്വാണ്ടം കമ്പ്യൂട്ടറുകള്‍, ഡ്രോണുകള്‍, എഐ സാങ്കേതികവിദ്യ, ഡാറ്റാ പാര്‍ക്കുകള്‍ എന്നിവ ആന്ധ്രാപ്രദേശില്‍ നിര്‍മ്മിച്ചുവരികയാണെന്നും പോളവാരം ജലസേചന പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി.ചടങ്ങില്‍ പങ്കെടുത്ത ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 45 വര്‍ഷത്തെ യാത്ര സമാധാനവും ആത്മീയതയും വളര്‍ത്തുന്നതില്‍ സംഘടന നല്കിയ സംഭാവനകളുടെ തെളിവാണെന്ന് പ്രസ്താവിച്ചു.കര്‍ണാടക ഫിഷറീസ് മന്ത്രി മങ്കല്‍ വൈദ്യ, ജമ്മു കശ്മീര്‍, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ നാലര പതിറ്റാണ്ടിനിടയില്‍ 182 രാജ്യങ്ങളിലായി നൂറ് കോടിയിലധികം ആളുകളിലേക്ക് ശ്വാസക്രിയ, ധ്യാനം, വിദ്യാഭ്യാസം എന്നിവയിലൂടെ എത്തിച്ചേരാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന് സാധിച്ചിട്ടുണ്ട്.