ബെംഗളൂരു: നഗരനിവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇരട്ട തുരങ്കപാത പദ്ധതിക്ക് പുതിയ തിരിച്ചടികളും കാലതാമസവും നേരിടുകയാണ്.എല്‍-1 ബിഡ്ഡറായി തിരഞ്ഞെടുക്കപ്പെട്ട അദാനി ഗ്രൂപ്പ് ഈ മെഗാ പദ്ധതിക്കായി 22,500 കോടി രൂപയാണ് ക്വാട്ട് ചെയ്‌തിരിക്കുന്നത്. ഇത് സർക്കാരിന്റെ എസ്‌റ്റിമേറ്റ് ചെലവായ 17,780.13 കോടി രൂപയേക്കാള്‍ 4720 കോടി രൂപ അധികമാണ്.കണക്കാക്കിയതിലും ഏകദേശം 26 ശതമാനത്തിലധികം വരുന്ന ഈ വർധനവ് കാരണം സംസ്ഥാന സർക്കാരും ഉന്നത ഉദ്യോഗസ്ഥരും നീണ്ട വിലപേശല്‍ ചർച്ചകളിലാണ്. വർധിച്ച പദ്ധതിച്ചെലവ് പരിഗണിച്ച് ക്യാബിനറ്റ് അംഗീകാരം ആവശ്യമായതുകൊണ്ട് നിർമ്മാണം ഉടൻ ആരംഭിക്കാൻ സാധ്യതയില്ല.
ഇത് ടെൻഡർ നടപടികള്‍ക്കും വർക്ക് ഓർഡർ നല്‍കുന്നതിനും കൂടുതല്‍ താമസം വരുത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.ഹെബ്ബാളിലെ എസ്‌റ്റീം മാളിനും സില്‍ക്ക് ബോർഡ് ജംഗ്ഷനും ഇടയിലായി 16.74 കിലോമീറ്റർ ദൂരത്തിലാണ് ഈ ആറ് വരി തുരങ്കപാത വിഭാവനം ചെയ്‌തിരിക്കുന്നത്. ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) ആണ് പദ്ധതിക്കായി ടെൻഡറുകള്‍ ക്ഷണിച്ചത്. 8,814.78 കോടി രൂപയും 8,965.35 കോടി രൂപയും വീതം മതിപ്പുള്ള രണ്ട് പാക്കേജുകളായി ഇത് വിഭജിക്കപ്പെട്ടിരുന്നു.അദാനി ഗ്രൂപ്പിനൊപ്പം വിശ്വ സമുദ്ര എഞ്ചിനീയറിംഗ്, റെയില്‍ വികാസ് നിഗം ലിമിറ്റഡ്, ദിലീപ് ബില്‍ഡ്കോണ്‍ തുടങ്ങിയ പ്രധാന കമ്പനികളും ലേലത്തില്‍ പങ്കെടുത്തു. വിശ്വ സമുദ്ര എഞ്ചിനീയറിംഗ് 28,500 കോടി രൂപ ക്വാട്ട് ചെയ്‌തപ്പോള്‍, അദാനി ഗ്രൂപ്പ് ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വെച്ച കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നിരുന്നാലും, യഥാർത്ഥ എസ്‌റ്റിമേറ്റിനേക്കാള്‍ ഉയർന്നതായിരുന്നു ഈ തുക.ഇരു പാക്കേജുകളിലും യഥാർത്ഥ എസ്‌റ്റിമേറ്റിനേക്കാള്‍ ഏകദേശം 32 ശതമാനം അധികമാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തികപരമായ വ്യത്യാസം പ്രപ്പോസലിന്റെ വിശദമായ സാമ്പത്തിക ഘടനയെക്കുറിച്ച് സൂക്ഷ്‌മമായ പരിശോധനയ്ക്ക് വഴിയൊരുക്കി. പദ്ധതിയിലെ കാലതാമസവും ഈ വർധനയ്ക്ക് കാരണമായിരിക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.”പ്രോജക്റ്റ് ബില്‍ഡ്-ഓപ്പറേറ്റ്-ട്രാൻസ്‌ഫർ (ബിഒടി) മാതൃകയിലാണ് നടപ്പിലാക്കുന്നത്. 30 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്പനി തുരങ്കപാത നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും” എന്നാണ് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. എങ്കിലും പലവിധത്തിലുള്ള കടമ്പകള്‍ ഇനിയും കാത്തിരിക്കുന്നുണ്ട്.
കമ്പനി എങ്ങനെയാണ് പദ്ധതിക്ക് ധനസഹായം കണ്ടെത്താൻ ഉദ്ദേശിക്കുന്നതെന്നും, ഏതൊക്കെ വായ്‌പകളാണ് നേടാൻ ഉദ്ദേശിക്കുന്നതെന്നും, പ്രതീക്ഷിക്കുന്ന ടോള്‍ വരുമാന മാതൃകയുമെല്ലാം അധികൃതർ നിലവില്‍ പരിശോധിച്ചുവരികയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് മാതൃകയില്‍, പദ്ധതിച്ചെലവിന്റെ 40 ശതമാനം വഹിക്കാൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഏകദേശം 8800 കോടി രൂപ കരാറുകാരന് നല്‍കാനും സർക്കാർ തയ്യാറാണ്.ധനസമാഹരണത്തിന്റെ ഭാഗമായി, ഹഡ്കോയില്‍ നിന്ന് 8.95 ശതമാനം വാർഷിക പലിശ നിരക്കില്‍ വായ്‌പകള്‍ ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, ഏകദേശം 19,000 കോടി രൂപയുടെ വായ്‌പകള്‍ക്ക് സർക്കാർ ഗ്യാരണ്ടി നല്‍കിയിട്ടുമുണ്ട്. പദ്ധതിക്കായി നിർദ്ദേശിച്ചിട്ടുള്ള ടോള്‍ നിരക്കും പൊതുജനങ്ങളില്‍ ആശങ്കയുയർത്തിയിട്ടുണ്ട്.
തുരങ്കപാത ഉപയോഗിക്കുന്ന ഓരോ കിലോമീറ്ററിനും 19 രൂപ ഈടാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇത് പ്രകാരം, മുഴുവൻ ദൂരവും ഒരു വഴിക്ക് യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ഏകദേശം 317 രൂപയോളം നല്‍കേണ്ടി വരും. ഇത് സാധാരണ ജനങ്ങള്‍ക്ക് വലിയ ഭാരമാകുമെന്ന വിമർശനമുണ്ട്. നിർമ്മാണം തുടങ്ങുന്നതിനുമുമ്പ് തന്നെ പദ്ധതി നിരവധി വിവാദങ്ങളിലും കുടുങ്ങിയിട്ടുണ്ട്.പ്രധാനമായും, ബെംഗളൂരുവിലെ ചരിത്രപ്രധാനമായ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാർഡനിലെ ഏകദേശം ആറ് ഏക്കർ സ്ഥലം തുരങ്കത്തിന്റെ പ്രവേശന, പുറത്തുകടക്കല്‍ കവാടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള നിർദ്ദേശമാണ് പ്രധാന വിവാദവിഷയം. ഈ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ ശക്തമായി പ്രതിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ ഭാവിയെ കുറിച്ച് കാര്യമായ ആശങ്ക തന്നെയാണ് ഉയരുന്നത്.