ബെംഗളൂരു: കേരളത്തിലെ പുതിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ആഭ്യന്തര തർക്കങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വിജയകരമായി പരിഹരിച്ചതിന് പിന്നാലെ, അയല്‍ സംസ്ഥാനമായ കർണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു.കുറച്ചുകാലമായി താല്‍ക്കാലികമായി അടങ്ങിയിരുന്ന കർണാടക കോണ്‍ഗ്രസിലെ നേതൃത്വ തർക്കമാണ് ഇപ്പോള്‍ വീണ്ടും ഉയരന്നുവരുന്നത്.കഴിഞ്ഞ വർഷം നവംബറില്‍ സംസ്ഥാന നേതൃ മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയർന്നതിനെ തുടർന്ന് കനത്ത രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. അന്ന് കൃത്യമായ ഒരു പരിഹാരം കാണാതെ താല്‍ക്കാലികമായി പ്രശ്നം ഒതുക്കിത്തീർക്കുകയാണ് ഹൈക്കമാൻഡ് ചെയ്തത്. എന്നാല്‍ കേരളത്തിലെ പ്രതിസന്ധികള്‍ ഒഴിഞ്ഞതോടെ ഹൈക്കമാൻഡിന്റെ ശ്രദ്ധ ഇനി കർണാടകയിലേക്കാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാര വടംവലി വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് സൂചനകള്‍.നിലവിലെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനും നിലവിലുള്ള ഒഴിവുകള്‍ നികത്താനുമാണ് സിദ്ധരാമയ്യ നിലവില്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ മന്ത്രിസഭ പുനഃസംഘടന നടന്നാല്‍ അത് തന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഡി കെ ശിവകുമാർ ഭയപ്പെടുന്നു. മന്ത്രിസഭയില്‍ തനിക്ക് അനുകൂലമായി ഭൂരിപക്ഷം ഉറപ്പാക്കി ഭരണം കൂടുതല്‍ ശക്തമാക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം.അതേസമയം, മുൻപ് സർക്കാർ രൂപീകരണ സമയത്ത് ഹൈക്കമാൻഡ് നല്കിയ അധികാര പങ്കാളിത്ത കരാർ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഡി കെ ശിവകുമാർ ക്യാമ്പ്. ഇതിനിടെ മന്ത്രിസ്ഥാനം മോഹിക്കുന്ന നിരവധി കോണ്‍ഗ്രസ് എം എല്‍ എ മാർ പാർട്ടി നേതൃത്വത്തിന് മേല്‍ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതും ഹൈക്കമാൻഡിന് തലവേദനയാകുന്നുണ്ട്. വരും ദിവസങ്ങളില്‍ കർണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.അതിനിടെ, കെ പി സി സി ഓഫീസിന് മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഡി കെ ശിവകുമാറിന് ജന്മദിനാശംസകള് നേർന്നു കൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ രാഷ്ട്രീയ വടംവലിക്ക് കൂടുതല്‍ ആക്കം കൂട്ടിയിട്ടുണ്ട്. കർണാടകയുടെ അടുത്ത മുഖ്യമന്ത്രി എന്നാണ് പോസ്റ്ററുകളില്‍ ഡി കെ ശിവകുമാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മൈസൂരുവില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മുറിച്ച ജന്മദിന കേക്കിലും അടുത്ത മുഖ്യമന്ത്രി എന്ന വിശേഷണം ഉണ്ടായിരുന്നു.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി ബി എ) തിരഞ്ഞെടുപ്പും പ്രാദേശിക ബോഡി തിരഞ്ഞെടുപ്പുകളും കഴിയുന്നത് വരെ നേതൃത്വ മാറ്റ ചർച്ചകള്‍ നീട്ടിവെക്കാനും, മന്ത്രിസഭാ പുനഃസംഘടനയിലൂടെ സ്വന്തം സ്ഥാനം ഉറപ്പിക്കാനുമാണ് സിദ്ധരാമയ്യ താല്പര്യപ്പെടുന്നത്. എന്നാല്‍ തന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ വൻ വിജയത്തിന് അർഹമായ പ്രതിഫലം വേണമെന്നും, കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കൊണ്ട് മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണെന്നുമാണ് ശിവകുമാറിന്റെ നിലപാട്. തർക്കം നീട്ടിക്കൊണ്ടുപോകുന്നത് ഇനി എളുപ്പമാകില്ലെന്നിരിക്കെ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതുറക്കും.