തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് മഹിളാ മോർച്ച.തിരുവനന്തപുരത്ത് പ്രതിഷേധവുമായി എത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് കണ്ടക്ടർ സ്വന്തം കയ്യില്‍ നിന്നും പണമെടുത്ത് സൗജന്യ ടിക്കറ്റ് നല്കി. സുരക്ഷയെ മാനിച്ചും യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് സ്വന്തം കയ്യില്‍ നിന്നും പണം എടുത്ത് ടിക്കറ്റ് നല്‍കിയത്. സ്റ്റേഷൻ മാസ്റ്ററുടെ നിർദേശപ്രകാരമാണ് ടിക്കറ്റ് നല്‍കിയതെന്ന് കണ്ടക്ടർ അറിയിച്ചു. സർക്കാർ ഉത്തരവ് വരാതെ സൗജന്യ ടിക്കറ്റ് നല്കാൻ കഴിയില്ലെന്നും കണ്ടക്ടർ വ്യക്തമാക്കി.അതേസമയം, കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ പ്രവർത്തകർ കൂട്ടത്തോടെ ബസില്‍ കയറി.
യുഡിഎഫിന്റെ പ്രഖ്യാപനം വിശ്വസിച്ചാണ് എത്തിയതെന്നും ഇനി മുതല്‍ എല്ലാ യാത്രകളും കെഎസ്ആർടിസിയിലാക്കുമെന്നും പ്രവർത്തകർ പറഞ്ഞു. എന്നാല്‍ സൗജന്യ യാത്ര ഉണ്ടാകില്ലെന്ന് കണ്ടക്ടർ അറിയിച്ചതോടെ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി പുറത്തിറങ്ങി.കാസർഗോഡും കെഎസ്ആർടിസി ടെർമിനലുകളില്‍ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസില്‍ കയറി പ്രതിഷേധിച്ചു. കാസർഗോഡ് ടെർമിനല്‍ ഉപരോധിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധം തുടർന്നു. ജില്ലാ നേതാക്കളെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കാസർഗോഡ് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. മെയ് മാസം 15 മുതല്‍ കെഎസ്ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. പദ്ധതി നടപ്പാക്കും വരെ പ്രതിഷേധം തുടരാനാണ് മഹിളാ മോർച്ചയുടെ തീരുമാനം.