ബെംഗളുരു: ബെംഗളുരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രാജ്കുമാർ എന്ന നാൽപ്പത്തിയേഴുകാരനാണ് മരിച്ചത്. നാലു ജീവനക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാഗർഭാവിയിലെ ദുർഗാ ശ്രീ ഗ്രാൻഡ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ ഇവർ ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് സൂചന. കനത്ത പുക പെട്ടെന്ന് പടർന്നു. ശ്വാസതടസ്സത്തെ തുടർന്നു അവശനിലയിലായ രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളുരു നാഗർഭാവിയിൽ ഹോട്ടലിൽ തീപിടുത്തം; ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരുക്ക്
previous post