Home കർണാടക ബെംഗളൂരു ഹെബ്ബാള്‍ ഹ്രസ്വ തുരങ്ക പദ്ധതി; പൂര്‍ണമായ നിര്‍മ്മാണം തുടങ്ങും മുൻപ് തന്നെ ഗതാഗത കുരുക്ക്

ബെംഗളൂരു ഹെബ്ബാള്‍ ഹ്രസ്വ തുരങ്ക പദ്ധതി; പൂര്‍ണമായ നിര്‍മ്മാണം തുടങ്ങും മുൻപ് തന്നെ ഗതാഗത കുരുക്ക്

ബെംഗളൂരു: പൂർണമായി ജോലികള്‍ വേഗത്തിലാക്കുന്നതിന് മുമ്പുതന്നെ, ഹെബ്ബാള്‍ ഹ്രസ്വ തുരങ്ക റോഡ് പദ്ധതി യാത്രക്കാർക്ക് പേടി സ്വപ്‌നമായി മാറുകയാണ്.പ്രദേശവാസികളുടെയും സാധാരണക്കാരുടെയും ദൈനംദിന യാത്ര കൂടുതല്‍ ബുദ്ധിമുട്ടിലാക്കി കൊണ്ടാണ് ഇവിടെ ജോലികള്‍ പുരോഗമിക്കുന്നത്. ഗതാഗതക്കുരുക്ക്, കാല്‍നടയാത്രക്കാരുടെ പ്രവേശനം തടസപ്പെടല്‍, സർവീസ് റോഡുകളിലെ വാഹനങ്ങളുടെ ബാഹുല്യം എന്നിവ ഇതിനകം തന്നെ യാത്രക്കാരുടെ ദുരിതങ്ങള്‍ വർധിപ്പിച്ചിട്ടുണ്ട്.പ്രധാന മേല്‍പ്പാലത്തിലും സർവീസ് റോഡുകളിലും അടുത്തിടെ സ്ഥാപിച്ച ബാരിക്കേഡുകള്‍ റോഡുകള്‍ ഇടുങ്ങിയതാക്കിയിട്ടുണ്ട്. ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തിലാകുമ്പോള്‍, ഈ കാലയളവിലുടനീളം വിമാനത്താവളത്തിലേക്കുള്ള യാത്ര എങ്ങനെ കൈകാര്യം ചെയ്യുമെന്ന് സങ്കല്‍പ്പിക്കാൻ പോലും പ്രയാസമാണെന്ന് പ്രദേശവാസികളും സാധാരണ യാത്രക്കാരും പറയുന്നു.

ബാംഗ്ലൂർ ബാപ്റ്റിസ്‌റ്റ് ഹോസ്‌പിറ്റല്‍ ജംഗ്ഷനില്‍ അവസാനിക്കുന്ന പുതുതായി വിപുലീകരിച്ച ഹെബ്ബാള്‍ ഫ്ലൈഓവർ റാമ്പിലെ തിരക്ക് ഈ ആശങ്കയ്ക്ക് അടിവരയിടുന്നു. അടുത്തിടെ തുറന്നതു മുതല്‍ സുഗമമായ വാഹനഗതാഗതം ഉറപ്പാക്കിയിരുന്ന ഈ റാമ്പ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കനത്ത ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിക്കാൻ തുടങ്ങിയിരിക്കുകയാണ്.കഴിഞ്ഞ രണ്ട് ദിവസമായി മേഖലയില്‍ ഗതാഗതക്കുരുക്ക് വർധിച്ചുവരികയാണ്. ഷോർട്ട് ടണല്‍ റോഡ് പദ്ധതി പ്രാഥമികഘട്ടം മാത്രം ആരംഭിക്കുകയും ജോലികള്‍ ഇപ്പോഴും വളരെ കുറവായിരിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്. ഇതോടെയാണ് കൂടുതല്‍ മുന്നോട്ട് പോവുമ്പോള്‍ മേഖലയിലെ സാഹചര്യങ്ങള്‍ എന്താവുമെന്ന ചോദ്യം ഉയരുന്നത്.ഹെബ്ബാള്‍ പാലം കടന്നുപോകുന്നവർക്ക് ഇതിപ്പോള്‍ ശീലമായിരിക്കുകയാണ് എന്നാണ് പലരും പരിഹസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അത് ഇവിടം യാത്രക്കാർക്ക് അടുത്തകാലത്തായി നിരന്തരം ബുദ്ധിമുട്ട് നേരിടേണ്ടി വന്ന ഇടമാണ്. ആദ്യം വൈറ്റ്-ടോപ്പിംഗ് ജോലികള്‍, തുടർന്ന് മെട്രോ നിർമ്മാണം, തുടർന്ന് ഹെബ്ബാള്‍ പാലത്തിന്റെ ജോലികള്‍, ഇപ്പോള്‍ ഹ്രസ്വ തുരങ്കം എന്ന് വിളിക്കപ്പെടുന്ന പദ്ധതി കൂടിയാവുമ്പോള്‍ യാത്രക്കാർ നിസ്സഹായരാണ്.അതിനിടെ യുഎഎസ് സ്‌റ്റാഫ് ക്വാർട്ടേഴ്‌സിനും മെഹ്ക്രി സർക്കിളിനും ഇടയില്‍ നാല് വരി എലിവേറ്റഡ് ഇടനാഴിയുടെ നിർമ്മാണം ബാംഗ്ലൂർ വികസന അതോറിറ്റി (ബിഡിഎ) ഏറ്റെടുക്കുന്നതിനാല്‍ നവംബർ 6 മുതല്‍ ബല്ലാരി റോഡില്‍ ചരക്ക് വാഹനങ്ങള്‍ക്കും ബസുകള്‍ക്കും ബെംഗളൂരു ട്രാഫിക് പോലീസ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

18 മാസത്തേക്ക് തുടരാൻ നിശ്ചയിച്ചിരിക്കുന്ന നിർമ്മാണം ബല്ലാരി റോഡില്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ഹെബ്ബാളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ ഓള്‍ഡ് ഹൈ ഗ്രൌണ്ട്സ് ജംഗ്ഷൻ, കല്‍പ്പന ജംഗ്ഷൻ, ഓള്‍ഡ് ഉദയ ടിവി ജംഗ്ഷൻ, കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷൻ, ടാന്നറി റോഡ്, നാഗവാര റോഡ് വഴി പോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.യശ്വന്ത്പൂരില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ മാട്ടികെരെ റോഡ് വഴി പോകുകയും ബെല്‍ സർക്കിളില്‍ വലത്തോട്ട് തിരിഞ്ഞ് റിംഗ് റോഡിലൂടെ പോകുകയും വേണം. വിമാനത്താവളത്തില്‍ നിന്ന് സെൻട്രല്‍ ബെംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക്, ഹെബ്ബാളില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാഗവാര ജംഗ്ഷനിലേക്ക് പോകുക, വലത്തോട്ട് തിരിഞ്ഞ് ബാംബൂ ബസാർ, ക്വീൻസ് റോഡ് വഴി തുടരുക എന്നതാണ് ഒരു നിർദ്ദേശം.അതിന് പകരമായി, വാഹനമോടിക്കുന്നവർക്ക് ഹെബ്ബാളില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഹെബ്ബാള്‍ റിംഗ് റോഡ്, കുവെംപു സർക്കിള്‍, ഗോരഗുണ്ടെപാള്യ ജംഗ്ഷൻ വഴി പോകാം. ഗോരഗുണ്ടെപാള്യ ജംഗ്ഷനില്‍ അവർ ഇടത്തോട്ട് തിരിഞ്ഞ് ഡോ. രാജ്‌കുമാർ റോഡ് വഴി നഗരത്തിലേക്ക് പോകണം. യശ്വന്ത്പൂരില്‍ നിന്ന് സെൻട്രല്‍ ബെംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങള്‍ ബിഎച്ച്‌ഇഎല്‍ ജംഗ്ഷൻ വഴി പോകാനും മാരമ്മ സർക്കിളിന് സമീപം വലത്തോട്ട് തിരിയാനും മാർഗോസ റോഡ് വഴി തുടരാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group