ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉദിച്ചുയർന്നിട്ടും, രാഷ്ട്രീയത്തിലെ പരിചയക്കുറവ് നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും (ടിവികെ) കനത്ത തിരിച്ചടിയാകുന്നു.കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട വിജയ്ക്ക് നിരാശനായി മടങ്ങേണ്ടി വന്നിരുന്നു. ടിവികെ നേതൃത്വം വരുത്തിയ ചെറിയൊരു സാങ്കേതിക പിഴവാണ് വിജയ്ക്ക് മുഖ്യമന്ത്രി കസേരയിലേക്കുള്ള വഴിയില്‍ തടസമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.234 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണമെന്നിരിക്കെ, ടിവികെ 108 സീറ്റുകള്‍ നേടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച വിജയ് ഒരെണ്ണം ഒഴിഞ്ഞുകൊടുക്കുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആകും. ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ളപ്പോള്‍, അഞ്ച് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടിവികെ – കോണ്‍ഗ്രസ് സഖ്യത്തിന്റെ ആകെ എണ്ണം 112 ആയി ഉയർന്നു. എന്നാല്‍ ഇവിടെയാണ് വിജയ് രാഷ്ട്രീയമായ പിഴവ് വരുത്തിയത്.
സാധാരണ ഗതിയില്‍, തൂക്കുമന്ത്രിസഭ വരുന്ന സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയില്‍ വിജയ് സ്വന്തം പാർട്ടിയിലെ എംഎല്‍എമാരുടെ മാത്രം ഒപ്പുള്ള കത്താണ് ഗവർണർക്ക് നല്‍കേണ്ടിയിരുന്നത്. ഇത് അംഗീകരിച്ച് ഗവർണർ വിജയ്ക്ക് സർക്കാരുണ്ടാക്കാൻ അവസരം നല്‍കുകയും പിന്നീട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍, തന്റെ കത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒപ്പ് കൂടി ഉള്‍പ്പെടുത്തിയതോടെ ഇതൊരു സഖ്യകക്ഷി ഭരണത്തിനുള്ള നീക്കമായി ഗവർണർ കണക്കാക്കി. സഖ്യകക്ഷി സർക്കാർ എന്ന നിലയില്‍ 118 പേരുടെ പിന്തുണ വിജയ്ക്ക് ഗവർണർ ഈ ആവശ്യം തള്ളുകയായിരുന്നു.രണ്ടാം തവണ ഗവർണറെ കണ്ടപ്പോഴും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ വിജയ്ക്ക് സാധിച്ചില്ലെന്ന് രാജ്ഭവൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മികച്ച രാഷ്ട്രീയ ഉപദേശകരുടെ അഭാവമാണ് വിജയ്ക്ക് വിനയായതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പരിഹസിക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ മാത്രം അവകാശവാദം ഉന്നയിച്ചിരുന്നെങ്കില്‍ വിജയ് ഇതിനകം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രജ്ഞ ചെയ്യുമായിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. തമിഴ് രാഷ്ട്രീയം ഇപ്പോള്‍ ആകാംക്ഷയുടെ മുനയിലാണ്.