ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് പ്രൊഫസറായ യുവതിയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ച നിലയിലും പിന്നാലെ ആണ്‍സുഹൃത്തിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലും കണ്ടെത്തി.ദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ കന്നഡ പ്രൊഫസറായ സരോജ ജെ (40), ദേവനഹള്ളി താലൂക്ക് ഓഫീസിലെ ക്ലർക്കായ സി. രാമഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ സുഹൃത്തിന്റെ പക്കല്‍ നിന്നും കാർ വാങ്ങിയ രാമഞ്ജിനപ്പ, സരോജയുമായി നന്ദി ഹില്‍സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദർശിച്ചിരുന്നു. ഉച്ചകഴിഞ്ഞ് ദൊഡ്ഡബല്ലാപ്പൂരിന് സമീപമുള്ള വിജനമായ സ്ഥലത്ത് വെച്ച് ഇരുവരും തമ്മില്‍ ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് ആണ് പൊലീസ് കരുതുന്നത്. കാറിനുള്ളില്‍ വെച്ച് നടന്ന സംഘർഷത്തിനിടെ രാമഞ്ജിനപ്പ ചുറ്റിക ഉപയോഗിച്ച് സരോജയുടെ തലയ്ക്കടിച്ചു. ബോധരഹിതയായ സരോജയെ കാറിന്റെ പിൻസീറ്റിലേക്ക് മാറ്റിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
കാറിന് തീ കൊളുത്തുന്നതിനിടെ രാമഞ്ജിനപ്പയുടെ വസ്ത്രത്തിലും തീ പടരുകയും ഇയാള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.കാർ കത്തുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. വാഹനത്തിലെ ‘ഓട്ടോ കൊളിഷൻ നോട്ടിഫിക്കേഷൻ’ സംവിധാനം വഴി ഉടമയ്ക്ക് സന്ദേശം ലഭിച്ചതും അന്വേഷണത്തില്‍ നിർണ്ണായകമായി. സരോജയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാമഞ്ജിനപ്പയ്ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ബംഗളൂരു സൗത്തിലെ ബിദാഡിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ രാമഞ്ജിനപ്പയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച ആധാർ കാർഡാണ് ഇയാളെ തിരിച്ചറിയാൻ സഹായിച്ചത്. കാറിനുള്ളില്‍ നിന്ന് ലഭിച്ച ആഭരണങ്ങള്‍ കണ്ട് സരോജയുടെ ഭർത്താവ് ജയശങ്കറാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജയശങ്കറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.