കൊച്ചി: പെരിയാറില്‍ ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. താന്നിപ്പുഴ കിഴക്കേപ്പുറത്ത് വീട്ടില്‍ വിഷ്ണു (22) ആണ് മരിച്ചത്.പുഴയിലേക്ക് വീണ വിഷ്ണുവിനെ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പെരിയാർ തീരത്ത് ചൂണ്ടയിട്ടുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണു. ഇതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയും പുഴയിലേക്ക് മറിയുകയുമായിരുന്നു. യുവാവിന് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നു. വിഷ്ണു പുഴയില്‍ വീഴുന്നത് കണ്ടുനിന്നവർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു.അപ്രതീക്ഷിതമായി സംഭവിച്ച ഈ ദുരന്തം നാടിനെ നടുക്കിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താൻ വൈദ്യപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.