ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെയും മുംബൈ എന്ന മഹാനഗരത്തെയും ബന്ധിപ്പിക്കാൻ അതിവേഗ റെയില്‍ പദ്ധതിയുമായി കേന്ദ്ര സർക്കാർ.ബെംഗളൂരു – പൂനെ – മുംബൈ അതിവേഗ റെയില്‍ പദ്ധതി പരിഗണനയിലാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.നിലവില്‍ ഒരു അതിവേഗ റെയില്‍ പദ്ധതി നിർമാണത്തിലാണ്. അതേസമയം ഏഴ് കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തില്‍ ഏകദേശം 7,000 കിലോമീറ്റർ ശൃംഖലയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. തദ്ദേശീയമായി നിർമിക്കുന്ന “ആത്മനിർഭർ” ‘ബുള്ളറ്റ് ട്രെയിൻ’ ഈ വിപുലീകരണത്തിൻ്റെ ഭാഗമാകും. ബി-28 ട്രെയിൻ സെറ്റ് നിർമാണത്തിന് സജ്ജമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.മുംബൈ, പൂനെ, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പൂനെ – ബെംഗളൂരു ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേ. 699 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ഇടനാഴി നിർമാണത്തിന് മാത്രം 50,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി 2028 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത സാധ്യമാകുന്നതോടെ പൂനെയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം 7 മണിക്കൂറായി കുറയും. നഗരങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുന്നതിനൊപ്പം പ്രാദേശിക വികസനം ശക്തമാകും.
അതേസമയം, മംഗളൂരു – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ആരംഭിക്കുമെന്ന സൂചനകള്‍ റെയില്‍വേ മന്ത്രാലയം പങ്കുവച്ചു. ശനിയാഴ്ച ബെംഗളൂരുവില്‍ നടത്തിയ സന്ദർശന വേളയില്‍ മംഗളൂരുവിനും ബെംഗളൂരുവിനുമിടയില്‍ വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് മഡ്ഗാവും കർണാടകയിലെ മറ്റ് തീരദേശ നഗരങ്ങളും ബന്ധിപ്പിക്കുന്നത് ഈ സർവീസിനുള്ള ആസൂത്രണം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ സെമി – ഹൈസ്പീഡ് ട്രെയിൻ കർണാടകയിലെ റെയില്‍ കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തും. പുതിയ ട്രെയിൻ സർവീസ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ്‌ഡബ്ല്യുആർ) സോണ്‍ കൈകാര്യം ചെയ്തേക്കും. നിലവില്‍, രാജ്യത്തെ വിവിധ റൂട്ടുകളിലൂടെ ആകെ 162 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ സർവീസുകള്‍ നടത്തുന്നുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ച ശേഷം 9.1 കോടിയിലധികം യാത്രക്കാർ വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്തെന്നാണ് റിപ്പോർട്ട്. ഒരു ലക്ഷത്തിലധികം സർവീസ് റെയില്‍വേ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. 2025 – 2026 സാമ്പത്തിക വർഷത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ് ഏകദേശം 34 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. 2024 – 2025 സാമ്പത്തിക വർഷത്തില്‍ 2.97 കോടി യാത്രക്കാരില്‍ നിന്ന് ഏകദേശം 3.98 കോടിയായി യാത്രക്കാരുടെ എണ്ണം വർധിച്ചു.