ഡല്‍ഹി: സ്കൂളില്‍ ഉച്ചഭക്ഷണത്തിന് വിളമ്ബിയ ഇറച്ചി കഷ്ണം അമ്മയ്ക്കായി മാറ്റിവെച്ച് കുരുന്ന്. ദശലക്ഷക്കണക്കിനാളുകളുടെ കണ്ണ് നനയിച്ച് അധ്യാപിക പകർത്തിയ കുരുന്നിന്റെ വീഡിയോ.ഉച്ചഭക്ഷണത്തിന്റെ ഏറ്റവും നല്ല ഭാഗം അമ്മയ്ക്കായി മാറ്റിവച്ച കുട്ടിയുടെ പ്രവൃത്തിയെ സ്നേഹത്തിന്റെ ഏറ്റവും നിർമലമായ ആവിഷ്കാരമെന്നാണ് കാഴ്ചക്കാർ വിശേഷിപ്പിച്ചത്.എവിടെയാണ് സ്ഥലമെന്നോ എന്നാണ് ചിത്രീകരിച്ചതെന്നോ വീഡിയോയില്‍ വ്യക്തമല്ലെങ്കില്‍ പോലും അമ്മയോടുള്ള കുട്ടിയുടെ അളവറ്റ സ്നേഹം പ്രകടമാക്കുന്ന പ്രവൃത്തിയാണ് കാഴ്ചക്കാരെ ആകര്‍ഷിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണ സമയത്ത് ഒരു അധ്യാപികയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഒരു കുട്ടി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എല്ലാവര്ക്കും ഇറച്ചി വിളമ്പിയെങ്കിലും കുട്ടിയുടെ പാത്രത്തില്‍ മാത്രം ഇറച്ചി കാണാനില്ലാത്തത് അധ്യാപികയുടെ ശ്രദ്ധയില്‍ പെട്ടു. അത് എവിടെപ്പോയെന്ന് അധ്യാപിക അവനോട് ചോദിച്ചു.
അവൻ ഒരു നിമിഷം ആശയക്കുഴപ്പത്തിലായെങ്കിലും പെട്ടെന്ന് ചെറിയൊരു പോളിത്തീൻ കവര്‍ അധ്യാപികക്ക് നേരെ നീട്ടി. താൻ വിളമ്പിയ ഇറച്ചിക്കഷ്ണങ്ങള്‍ കവറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നതായി അധ്യാപികക്ക് മനസിലായി.കുട്ടി മാറ്റിവെച്ച ആ പൊതിക്കുള്ളില്‍ എന്താണെന്ന് തിരക്കിയ അധ്യാപികയോട് ‘ഇത് എന്റെ അമ്മയ്ക്കാണ്’ എന്നായിരുന്നു അവന്റെ മറുപടി. ഇറച്ചി കഴിക്കാൻ അധ്യാപിക നിർബന്ധിച്ചെങ്കിലും അമ്മയ്ക്ക് നല്‍കണമെന്ന് തന്നെയായിരുന്നു കുട്ടിയുടെ തീരുമാനം. കുട്ടിയുടെ തീരുമാനത്തെ അംഗീകരിച്ച അധ്യാപിക അവന്റെ കരുതലിനെയും ദയയെയും പ്രശംസിക്കുകയും ചെയ്തു.വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.കുട്ടിയുടെ ഈ പ്രവൃത്തിയെ സ്നേഹത്തിന്റെ ഏറ്റവും നിർമലമായ ആവിഷ്കാരമെന്നാണ് പലരും വിശേഷിപ്പിച്ചത്.അധ്യാപികയുടെ സമീപനത്തെയും നെറ്റിസണ്‍സ് പ്രശംസിച്ചു. അവനെ വഴക്കുപറയുകയോ പരിഹസിക്കുകയോ ചെയ്യുന്നതിന് പകരം, ആ കുട്ടിയുടെ വികാരങ്ങളെ മുറിപ്പെടുത്താതെ വളരെ സൗമ്യമായാണ് അവർ സംസാരിച്ചത്.